ചെത്തുതൊഴിലാളി ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ അദ്ദേഹം തെങ്ങില്‍ കയറിയേനെ... യൂണിയന്‍കാരുടെ തലയണ മന്ത്രത്തില്‍ വീണ് സി.പി.എം. നേതാക്കളും; തച്ചങ്കരിയെ ഓടിക്കാന്‍ ആജന്മ ശത്രുക്കളായ യൂണിയനുകള്‍; ടോമിന്‍ തച്ചങ്കരിക്കെതിരേ കൈയും മെയ്യും മറന്ന് യൂണിയനുകളുടെ സമരകാഹളം; ഓഗസ്റ്റ് ഏഴിന് സംയുക്ത പണിമുടക്ക്

കെ.എസ്.ആര്‍.ടി.സിയെ മുടിപ്പിക്കുന്ന ജീവനക്കാരെ ജോലിക്ക് വിട്ടതോടെ സി.എം.ഡി. ടോമിന്‍ തച്ചങ്കരിക്കെതിരേ കൈയും മെയ്യും മറന്ന് യൂണിയനുകളുടെ സമരകാഹളം. തച്ചങ്കരിയ്‌ക്കെതിരെ വജ്രായുധം പ്രയോഗിച്ച് ഓഗസ്റ്റ് ഏഴിന് സംയുക്ത പണിമുടക്ക് നടക്കും.
തമ്മിലടിച്ചും തന്‍പ്രമാണിത്വം കാണിച്ചും നിലകൊണ്ട സംഘടനകളാണു തച്ചങ്കരിയെ വെല്ലുവിളിച്ചും അപഹസിച്ചും ഇന്നലെ സമരപ്രഖ്യാപനം നടത്തിയത്. ഭരണപക്ഷാനുകൂല സംഘടനകളായ സി.ഐ.ടി.യും എ.ഐ.ടി.യു.സിയും പ്രതിപക്ഷാനുകുല സംഘടനയായ ഐ.എന്‍.ടി.യു.സിയുമാണു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നാണു യൂണിയനുകളുടെ അവകാശവാദം.
തച്ചങ്കരിയെ വ്യക്തിപരമായി അധിക്ഷേപിച്ചാണു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ സമരപ്രഖ്യാപന യോഗത്തില്‍ പ്രസംഗിച്ചത്. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ടെന്നും അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്നുമുളള ആമുഖത്തോടെയാണ് അദ്ദേഹം ആക്ഷേപങ്ങള്‍ കോരിച്ചൊരിഞ്ഞത്. ചെത്തുതൊഴിലാളിബോര്‍ഡിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ അദ്ദേഹം തെങ്ങില്‍ കയറിയേനെയെന്നും കളിയാക്കി.
അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടില്ല. പണിമടുത്ത് സ്വയം തച്ചങ്കരി ഇറങ്ങിപ്പോകണമെന്ന ധ്വനിയിലായിരുന്നു ആനത്തലവട്ടം പ്രസംഗം അവസാനിപ്പിച്ചത്. പിന്നാലെ പ്രസംഗിച്ച വൈക്കം വിശ്വന്‍, കെ.പി. രാജേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവരും എം.ഡി. രൂക്ഷമായി വിമര്‍ശിച്ചു. റൂട്ടില്‍ പോകാതെ ചീഫ്ഓഫീസില്‍ അദര്‍ഡ്യൂട്ടിയുടെ മറവില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസില്‍ തുടരാന്‍ അനുവദിക്കണമെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെെ്രെ പവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ ആവശ്യപ്പെട്ടിട്ടും തച്ചങ്കരി വഴങ്ങിയിരുന്നില്ല. യൂണിയന്‍കാരെ ഇറക്കിയത് ജീവനക്കാര്‍ സ്വാഗതം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇതിനെതിരേ പരസ്യമായി രംഗത്തുവരാന്‍ നേതാക്കള്‍ക്കായില്ല. ഇതിനിടെ, മാസവരി പിടിക്കുന്നത് അവസാനിപ്പിക്കാന്‍ തച്ചങ്കരി ഇടപെട്ടതും സംഘടനകളെ പ്രകോപിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി. തൊഴിലാളി യൂണിയനുകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ സംയുക്ത തൊഴിലാളി യൂണിയന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് കേസ്. സി.എം.ഡി ടോമിന്‍ തച്ചങ്കരയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
https://www.facebook.com/Malayalivartha
























