ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി നടപ്പാക്കല്‍ ദുഷ്‌കരം

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി നടപ്പാക്കല്‍ ദുഷ്‌കരമാകും. ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കുന്നത് ആചാര വിരുദ്ധമാണെന്നതാണ് പ്രധാന പ്രതിസന്ധി. ഒരേസമയം, ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഒഴുകിയെത്തുന്ന സ്ഥലത്ത് വഴിപാട് നിക്ഷേപ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് പാക്കറ്റുകള്‍ ഇടുന്നത് തടയുക പ്രായോഗികമാവില്ല. ഇരുമുടിക്കെട്ടില്‍ നിറക്കുന്ന പനിനീര്, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍ എന്നിവ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്താണ് വരുന്നത്. ഇവ പേപ്പര്‍ കവറുകളില്‍ നിറച്ചാല്‍ മേന്മ നഷ്ടപ്പെടുകയും നശിക്കുകയും ചെയ്യും. കര്‍പ്പൂരം പേപ്പര്‍ കവറിലാക്കിയാല്‍ അലിഞ്ഞുപോകും. പനിനീര് ചില്ല് കുപ്പികളിലാക്കിയാല്‍ സന്നിധാനം കുപ്പികള്‍കൊണ്ട് നിറയും.
കുപ്പികള്‍ ഉടഞ്ഞ് ചിതറി തീര്‍ഥാടകര്‍ക്ക്് വഴിനടക്കാനാകാത്ത സ്ഥിതിക്കും വഴിതെളിക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുകളുമായി ദിവസങ്ങള്‍ യാത്ര ചെയ്തു വരുന്നവരാണ്. പേപ്പര്‍ കവറുകളില്‍ നിറച്ച അവല്‍, മലര്‍, മഞ്ഞള്‍പ്പൊടി എന്നിവ ഇത്രയും ദിവസം ഇരുമുടിക്കെട്ടില്‍ കേടുപറ്റാതെ ഇരിക്കുക അസാധ്യവുമാകും. പ്ലസ്റ്റിക് നിരോധനം വന്നതോടെ ശബരിമലയില്‍ കുപ്പിവെള്ള വില്‍പന നിലച്ചിരുന്നു. അപ്പോഴും പ്ലാസ്റ്റിക് കുപ്പികളില്‍ വരുന്ന ഇതര പാനീയങ്ങളുടെ വില്‍പന ചിലയിടങ്ങളില്‍ നടന്നുവരുന്നുണ്ട്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ച് 2015 ഡിസംബര്‍ ഒമ്പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.
രണ്ടുമാസം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. അതിനായി ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പത്രങ്ങളിലെല്ലാം പരസ്യം നല്‍കും. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. കാനന ക്ഷേത്രമായ ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം വന്യജീവികള്‍ക്കും വനമേഖലയിലെ ജൈവവ്യവസ്ഥക്കും കാര്യമായ ദോഷങ്ങള്‍ വരുത്തുന്നതിനാലാണ് പ്ലാസ്റ്റിക് നിരോധം വേണമെന്ന ആവശ്യമുയര്‍ന്നത്. ഒരു തീര്‍ഥാടനകാലത്ത് നൂറുകണക്കിന് കിലോ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് വനമേഖലയില്‍ തള്ളപ്പെടുന്നത്.
https://www.facebook.com/Malayalivartha
























