വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ദുരന്തത്തിൽ അഷിതയ്ക്ക് നഷ്ടമായത് പെറ്റമ്മയേയും അച്ഛനെയും... ഒന്‍പതുമാസം പ്രായമുള്ള ആ പിഞ്ചോമനയുടെ ചതഞ്ഞരഞ്ഞ കാലുകൾ മുറിച്ച് മാറ്റപ്പെടുമ്പോഴും ഒന്നുമറിയാത്ത പ്രായത്തിൽ വിധിയെ തോല്‍പ്പിച്ച് അവൾ മുന്നേറി... ദൈവദൂതനെപോലെ അവളുടെ മുന്നിലെത്തിയ ഡോ. ചെറിയാൻ അഷിതയുടെ ജീവിതത്തിന് മാതൃകയായി; വിധിയെ തോല്‍പ്പിച്ച് പോരാടിയ അഷിത ഇനി ഡോക്‌ടർ കുപ്പായമണിയും

ആറാംവയസ് മുതൽ കൃതിമക്കാലിൽ ജീവിതം മുന്നോട്ടുകൊണ്ടുപോയ അഷിത നിശ്ചയദാർഢ്യത്തിന്റെയും കഠിനപ്രയത്നത്തിന്റെയും മാതൃകയാണ്. കണ്ണൂർ വെള്ളച്ചാൽ ബസ് അപകടത്തിന്റെ രക്തസാക്ഷി അഷിത ഇനി കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്.
17 വര്‍ഷം മുമ്പ് ഒരു ബസ് അപകടത്തിന്റെ രൂപത്തില്‍ വിധി മാതാപിതാക്കളെ കവരുമ്പോള്‍ അഷിതയ്‌ക്ക് ഒന്‍പതുമാസം മാത്രമായിരുന്നു പ്രായം. അപകടത്തില്‍ ചതഞ്ഞരഞ്ഞ അവളുടെ കുഞ്ഞിക്കാലുകളും അന്ന് ആശുപത്രിയില്‍ മുറിച്ചുമാറ്റേണ്ടിവന്നു. കൊച്ചിയിൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ. ചെറിയാൻ കോവൂറിന്റെ വിദഗ്ദ്ധ ചികിത്സയാണ് ആ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.അതുകൊണ്ട് തന്നെ ഇപ്പോഴും ഡോ.ചെറിയാൻ അവൾക്ക് ദൈവദൂതനാണ്.
2000 ഡിസംബര്‍ ഒന്നിനാണു കണ്ണൂര്‍ അഞ്ചരക്കണ്ടി ചാമ്പാട് സഹിജനിവാസില്‍ രാജീവന്‍-മഹിജ ദമ്പതികളെയും മകള്‍ അഷിതയേയും നിയന്ത്രണംവിട്ട് പാഞ്ഞുവന്ന ബസ് ഇടിച്ചത്. മഹിജയുടെ വീട്ടിലേക്കു പോകാന്‍ വീടിനു മുന്നില്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. രാജീവന്‍ സംഭവസ്‌ഥലത്തും മഹിജ പിറ്റേന്ന് ആശുപത്രിയിലും മരിച്ചു. അഷിതയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞതിനാല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ലായിരുന്നു. കണ്ണൂരില്‍നിന്ന് അവളെ എറണാകുളത്തെ സ്‌പെഷലിസ്‌റ്റ് ആശുപത്രിയിലേക്കു കൊണ്ടുവന്നു. തുടര്‍ന്നിങ്ങോട്ട് അമ്മൂമ്മ ജാനകിയും അമ്മാവന്‍ മഹേഷും അവള്‍ക്കു താങ്ങായി. കൃത്രിമക്കാലുകളില്‍ പതിയെ നടന്നുതുടങ്ങി.
അസ്‌ഥിരോഗവിദഗ്‌ധന്‍ ഡോ. ചെറിയാന്‍ കോവൂരിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നന്നായി പഠിച്ച് അഷിത വിധിയോടു പോരാടി.18 വർഷങ്ങൾക്കിപ്പുറംആ പെൺകുട്ടി നീറ്റ് പരീക്ഷയിൽ പിഎച്ച് വിഭാഗത്തിൽ 567-ാം റാങ്കോടെയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരുന്നത്. പത്തിലും പന്ത്രണ്ടിലും 90 ശതമാനത്തിലേറെ മാർക്കോടെ ജയം.
ആഗസ്റ്റ് ആദ്യവാരം ക്ലാസ് തുടങ്ങാനിരിക്കെ അഷിതയെയും അമ്മൂമ്മ ജാനകിയെയും അലട്ടുന്ന പ്രധാന പ്രശ്നം ഹോസ്റ്റലിലെ സൗകര്യങ്ങളുടെ അപര്യാപ്തയാണ്. പ്രാഥമിക കർത്തവ്യങ്ങൾക്ക് ഹോസ്റ്റലിൽ യൂറോപ്യൻ ക്ലോസറ്റ് വേണം. കോളേജ് ഹോസ്റ്റലിൽ ആ സൗകര്യമില്ല. മറ്റൊരു ബുദ്ധിമുട്ട് ഹോസ്റ്റലും കോളേജും തമ്മിലുള്ള അകലമാണ്. പ്രത്യേക യാത്ര സൗകര്യം ഇല്ലെങ്കിൽ ബുദ്ധിമുട്ടും. പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി.ജയരാജന് കത്തയച്ച് കാത്തിരിക്കുകയാണ് അഷിത.
ഇന്നലെ കണ്ണൂരില്‍നിന്ന് എറണാകുളത്തെ ആ സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ അഷിത വീണ്ടുമെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു പ്രവേശനം കിട്ടിയതിന്റെ ആഹ്‌ളാദം തന്റെ രക്ഷകരോടു പങ്കുവയ്‌ക്കാന്‍.
https://www.facebook.com/Malayalivartha
























