ദുരിത നിവാരണ പ്രവര്‍ത്തനങ്ങൾക്കായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പത്ത് ദിവസം തുടര്‍ച്ചയായി പെയ്ത മഴയുടെ ദുരന്തങ്ങളില്‍ നിന്നും കരകയറും മുന്‍പാണ് കാലവര്‍ഷം വീണ്ടും കനക്കുകയും സംസ്ഥാനത്തൊട്ടാകെ മഴക്കെടുതി വര്‍ധിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടനാട് മേഖലയുള്‍പ്പെടെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യഘട്ടത്തില്‍ തന്നെ വിവരണാതീതമായ ദുരിതങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്തൊട്ടാകെ ജീവഹാനി സംഭവിയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങളുമുണ്ടായി.
സംസ്ഥാനത്ത് 78 അണക്കെട്ടുകള്‍ ഇതിനകം നിറയുകയും, 28 എണ്ണം തുറന്നുവിടുകയും ചെയ്തു. ഇടുക്കി അണക്കെട്ടും തുറക്കേണ്ട സ്ഥിതിയിലാണ്. ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. വെള്ളപ്പൊക്കക്കെടുതിയെ തുടര്‍ന്നുള്ള സാംക്രമിക രോഗ ഭീഷണിയും നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ആരോഗ്യരക്ഷാ പ്രവര്‍ത്തകരെ കൂട്ടിയുള്ള വൈദ്യ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി പ്രവര്‍ത്തകരും ഘടകങ്ങളും നേതൃത്വം കൊടുക്കണമെന്ന് കോടിയേരി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് വ്യാപക കൃഷിനാശവും, റോഡുകള്‍, വീടുകള്‍ എന്നിവയ്ക്ക് വലിയ തോതില്‍ നാശവും സംഭവിച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാന്‍ തയ്യാറെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ക്ഷോഭം കാരണം കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് മതിയായ സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, കോടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























