ശബരിമല സ്ത്രീ പ്രവേശനവിലക്കിനെതിരായ ഹര്‍ജി; വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു; ഇരു ഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ രേഖാമൂലം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു; കോടതി നിരീക്ഷിച്ചത് ഇങ്ങനെ

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്കിനെതിരായ ഹര്‍ജിയില്‍ വിധിപറയുന്നത് സുപ്രീം കോടതി മാറ്റി. ശബരിമല വിഷയത്തില്‍ മൗലികാവകാശത്തിനൊപ്പം വിശ്വാസത്തിന്റെ ഭരണഘടനാവകാശവും പരിഗണിക്കേണ്ടതുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇരു ഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ രേഖാമൂലം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ടതെന്ന് അമിക്കസ്‌ക്യൂറി രാജുരാമചന്ദ്രന്‍ കോടതിയെ അറിയിച്ചു. അതേസമയം, സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിലവിലെ ആചാരം തുടരണമെന്ന് മറ്റൊരു അമിക്കസ് ക്യൂറിയായ രാമമൂര്‍ത്തി കോടതിയെ അറിയിച്ചു.
ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണം. ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എട്ടു ദിവസം നീണ്ടുനിന്ന വാദമാണ് ഇന്ന് പൂര്‍ത്തിയായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരും അംഗങ്ങളാണ്..
https://www.facebook.com/Malayalivartha
























