വളരെയധികം ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്പായിയുടേത്; മുംബൈയിലെ അധോലോകത്തിന്റെ പിടിയിലകപ്പെട്ട യുവത്വം; പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് ജീവിക്കാനോടിയ നാളുകള്‍; വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനയും പുച്ഛവും ഏറ്റുവാങ്ങി നടന്ന ഉമ്പായി ഗസലുകളുടെ തോഴനായി മാറിയ കഥ

ഫോര്‍ട്ട് കൊച്ചിക്കാരനായ അബുവിന്റെ മകന്‍ ലോകം അറിയുന്ന പാട്ടുകാരനായ ഉമ്പായിയായി പരിണമിച്ച വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. വളരെയധികം ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്പായിയുടേത് വിരലുകളുടെ മാന്ത്രികതയില്‍ നിന്ന് ഉയരുന്ന താളത്തെ പ്രണയിച്ച ഉമ്പായിയുടെ ചെറുപ്പം ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. സംഗീതം എന്ന സ്വപ്‌നം കണ്ടു തുടങ്ങിയപ്പോഴേക്കും ബാപ്പയുടെ കയ്യില്‍ നിന്ന് ചൂരലിന്റെ ചൂട് അവനറിഞ്ഞിരുന്നു. തബലയും സംഗീതവുമൊന്നും ഇവിടെ വേണ്ടെന്ന അദേഹത്തിന്റെ കാര്‍ക്കശ്യത്തിനു മുന്നില്‍ അടിയേറ്റ് തളര്‍ന്ന് അവനെ ആശ്വസിപ്പിക്കാന്‍ ഉമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ഉമ്മയുടെ സാന്ത്വനത്തിന്റെ തണലില്‍ നിന്ന് അവന്‍ സംഗീതത്തെയും തബലയെയും കൂടുതല്‍ സ്‌നേഹിച്ചു. പക്ഷേ ബാപ്പയോടുള്ള പ്രതിഷേധം അവനെ താന്തോന്നിയാക്കി.
ഉമ്പായിയുടെ പിതാവ് അബു സംഗീതത്തില്‍ നിന്ന് അവനെ അകറ്റാന്‍ നോക്കി. എന്നാല്‍, എതിര്‍ക്കുന്തോറും ഏറുന്ന വാശിയായിരുന്നു ആ മകന്റേത്. ബാപ്പയെ അനുസരിച്ചും പിന്നെ നിഷേധിച്ചും ആ മകന്‍ വളര്‍ന്നു. പാട്ടുംപാടി തോന്നിയപോലെ നടക്കുന്ന ചെക്കന്‍ ഭാരമായപ്പോഴാണ് വീട്ടുകാര്‍ അവനെ പൂനെയിലേക്ക് പഠനത്തിനായി അയച്ചത്. അവിടുത്തെ സീമാന്‍ പഠനത്തിനിടെയും അവന്‍ സ്‌നേഹിച്ചത് സംഗീതത്തെതന്നെയായിരുന്നു. ക്ലാസിന്റെ ഇടവേളകളില്‍ കൂട്ടുകാര്‍ക്കുവേണ്ടി അവന്‍ ഡെസ്‌കില്‍ താളപ്പെരുക്കം തീര്‍ത്തു. ആ താളം ഹൃദയത്തിലെ സംഗീതത്തിന്റെ താളമാണെന്ന് അധ്യാപകര്‍ തിരിച്ചറിഞ്ഞു. പഠനത്തില്‍ പിന്നോക്കമായിട്ടും വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് നല്കി അവര്‍ അവനെ അനുഗ്രഹിച്ചു. നിന്റെ വഴി സംഗീതമാണെന്നും ആ വഴിയിലെത്താന്‍ മുംബൈയിലേക്ക് തിരിക്കാനും നിര്‍ദേശിച്ചു.
മുംബൈയിലായിരുന്നു പ്രതിസന്ധി നിറഞ്ഞ ആ ജീവിതം തബലയുടെ താളം മനസ്സിലും വിശപ്പിന്റെ താളം വയറിലും മുറുകി. എന്നിട്ടും സംഗീതമാണ് തനിക്ക് വലുതെന്നുറപ്പിച്ച് ആ ചെറുപ്പക്കാരന്‍ ജീവിതത്തോട് പോരാടാന്‍ തന്നെയുറച്ചു. ചാരായവും ഭാംഗും ചുവന്നതെരുവിലെ കിങ്കരന്മാരും കലര്‍ന്ന സന്ധ്യകളില്‍ അവന്‍ പാടിയത് അതുവരെയറിയാത്ത ആരോഹണ അവരോഹണങ്ങളായിരുന്നു. ഒരു ജോലിക്കായുള്ള നെട്ടോട്ടമായിരുന്നു പിന്നെ. അങ്ങനെ എത്തിയതാവട്ടെ അധോലോകത്തിന്റെ കെട്ടവഴികളിലും. ചെറിയ ചെറിയ ഇടപാടുകളില്‍ തുടങ്ങി സ്വര്‍ണവും ഡോളറുമെല്ലാം ആ കൈകളിലൂടെ മറിഞ്ഞു. പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് ജീവിക്കാനോടിയ നാളുകള്‍. അപ്പോഴേക്കും മനസ്സിലെ തബലയും സംഗീതവും ഗസലിനോട് കൂട്ടുകൂടിയിരുന്നു. ആ സംഗീതം തേടിയുള്ള അലച്ചിലിനൊടുവില്‍ ഏതോ നിയോഗം പോലെ മുജാവര്‍ അലിഖാന്‍ എന്ന സംഗീതസാമ്രാട്ടിന്റെ അടുത്തെത്തി. അവിടെയാണ് താന്തോന്നിയായ പാട്ടുകാരന്‍ ഉമ്പായിയിയായി പരിണമിക്കുന്നത്.
അപ്പോഴായിരുന്നു ഉമ്മയുടെ മരണവും. നാട്ടിലേക്കുള്ള തിരിച്ചുവരവും. സാഹചര്യങ്ങള്‍ നാട്ടില്‍തന്നെ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനയും പുച്ഛവും ഏറ്റുവാങ്ങി തളര്‍ന്നു. പാട്ടുപാടി നേരം കളയുന്നവനെന്ന പേരുദോഷം വേറെയും. പണിയെടുത്ത് കാശുണ്ടാക്കാനായിരുന്നു ഉപദേശം. അതിനോടുള്ള പ്രതിഷേധമായി പാട്ടുപാടാന്‍ കണ്ടെത്തിയ വേദിയായിരുന്നു കള്ള്ഷാപ്പ്. ലഹരിയില്‍ സ്വയം മറന്ന ആ കാലത്തായിരുന്നു വിവാഹം കഴിഞ്ഞതും. എന്നിട്ടും ജീവിതം മാറിയില്ല. എന്തിനോടൊക്കെയോ ഉള്ള പകയില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നതിനിടെ ഭാര്യയുടെ കണ്ണീരോ മക്കളുടെ വേദനയോ ഒന്നും കണ്ടില്ല. എപ്പോഴോ മൂത്ത മകള്‍ കരഞ്ഞുപറഞ്ഞ വാക്കുകള്‍ ഉള്ളിലുടക്കി. ഇനി മദ്യപിക്കില്ലെന്ന് തീരുമാനമെടുത്തു. അതത്ര എളുപ്പമല്ലായിരുന്നു. ആശുപത്രിവാസം വരെ പിന്നാലെയെത്തി. ആശുപത്രി വിടുമ്പോഴേക്കും പുതിയൊരു ഉമ്പായി പിറന്നിരുന്നു. ഗസലുകളില്‍ മാത്രം ലഹരി കണ്ടെത്തുന്ന ഒരാള്‍.
https://www.facebook.com/Malayalivartha
























