പത്ത് മിനിറ്റ് മുൻപ് വളരെ സന്തോഷവതിയായി അവൾ വീടിന്റെ ഉമ്മറത്തിരിപ്പുണ്ടായിരുന്നു... എന്റെ പൊന്നുമോളെ നിന്നെ രക്ഷിക്കാന്‍ വല്യപ്പച്ചന് കഴിഞ്ഞില്ലല്ലോടി... കണ്ടു നിന്നവർക്ക് പോലും സഹിക്കാനായില്ല ഈ വിതുമ്പൽ; നിമിഷയെ ഒരുനോക്കു കാണാന്‍ ഏലിയാസ് എത്തിയത് ആംബുലന്‍സില്‍...

പത്ത് മിനിറ്റ് മുൻപ് വളരെ സന്തോഷവതിയായി അവൾ വീടിന്റെ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഭിത്തിയിൽ ചാരി നിന്ന അവളുടെ കഴുത്തിലൂടെ രക്തം ഒഴുകിയിറങ്ങുകയായിരുന്നു. താങ്ങിയെടുത്ത് പതുക്കെ നിലത്ത് കിടത്തുമ്പോൾ രണ്ടു തവണ പിടഞ്ഞു. പിന്നെ ഒരിക്കലും തിരിച്ച് വരാനാകാത്ത വിധം അവളുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു. ആ നിമിഷം ഓർക്കാനാകാതെ അബ്ബാസ്. ഇതര സംസ്ഥാന തൊഴിലാളിയുടെ കത്തിക്കിരയായ നിമിഷയുടെ മരണം ഒരു നാടിന് മുഴുവൻ താങ്ങാവുന്നതിനുമപ്പുറമായിരുന്നു.
നിമിഷയെ കാണാന്‍ പിതൃസഹോദരന്‍ ഏലിയാസ് (53)എത്തിയത് അനങ്ങാന്‍ പോലും ആകാത്തവിധം ആംബുലന്‍സില്‍. രാവിലെ വീട്ടില്‍ നടന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്കുശേഷം 11 മണിയോടെ നിമിഷയുടെ മൃതദേഹം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് നിമിഷയെ ഒരുനോക്കു കാണാന്‍ വല്യപ്പച്ചനായ ഏലിയാസ് എത്തിയത്. കുഞ്ഞുമോളെ നിന്നെ രക്ഷിക്കാന്‍ വല്യപ്പച്ചന് കഴിഞ്ഞില്ലല്ലോ എന്നു വിതുമ്പുന്നുണ്ടായിരുന്നു അദ്ദേഹം.
ആംബുലന്‍സില്‍ നിന്നും സ്ടക്ച്ചറില്‍ കിടത്തിയാണ് ഏലിയാസിനെ മൃതദേഹത്തിനരികില്‍ ബന്ധുക്കള്‍ എത്തിച്ചത്. നിമിഷയുടെ മുത്തശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരനായ മോഷ്ടാവ് വല്യപ്പച്ചനായ ഏലിയാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജു മുല്ലയെ തടയാന്‍ ശ്രമിച്ച നിമിഷയെ പ്രതി കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയതാണ് ഏലിയാസ്. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തില്‍ ഇയാളുടെ ഇരുകൈകള്‍ക്കും കുത്തേറ്റു.
ഗുരുതരമായി പരുക്കേറ്റ ഏലിയാസ് ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകള്‍ക്ക് സംഭവിച്ച മുറിവ് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ഇനിയും ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. നിമിഷ പഠിക്കുന്ന എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും നിമിഷക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























