കേരളാ കോണ്‍ഗ്രസിന് മുന്നില്‍ രാജ്യസഭാ സീറ്റ് അടിയറവെച്ചത് മുതല്‍ വി.എം സുധീരന്‍ തുടങ്ങിയ പോര് രാജിയിലേക്ക് നീങ്ങി, യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് അദ്ദേഹം രാജിവച്ചു

കേരളാ കോണ്‍ഗ്രസിന് മുന്നില്‍ രാജ്യസഭാ സീറ്റ് അടിയറവെച്ചത് മുതല്‍ വി.എം സുധീരന്‍ തുടങ്ങിയ പോര് രാജിയിലേക്ക് നീങ്ങി. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് അദ്ദേഹം രാജിവച്ചു. രാജ്യസഭാ സീറ്റ് വിട്ട് നല്കിയ ശേഷം നടന്ന ആദ്യ യു.ഡി.എഫ് യോഗത്തില്‍ കെ.എം മാണി വന്നപ്പോള്‍ തന്നെ പ്രതിഷേധിച്ച് സുധീരന്‍ ഇറങ്ങിപ്പോയിരുന്നു. മാണിയെ വിശ്വസിക്കാന് കൊള്ളാത്തവനാണെന്നും ഇടത്പക്ഷത്തേക്കോ, ബി.ജെ.പിയിലേക്കോ പോകില്ലെന്ന് എന്താണ് ഉറപ്പെന്നും സുധീരന്‍ കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ കെ.എം മാണി അടുത്ത യു.ഡി.എഫ് യോഗത്തില്‍ വന്നെങ്കിലും സുധീരന്‍ വിട്ടുനിന്നിരുന്നു.
കെപിസിസി നേതൃത്വത്തിന് ഇമെയിലിലൂടെയാണ് സുധീരന്‍ രാജി കൈമാറിയത്. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നുമാണു സുധീരന്‍ പറഞ്ഞത്. എന്നാല്‍ സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റി പി.കെ കുര്യന് നല്‍കാതിരിക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം രാഹുല്‍ഗാന്ധിയ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെടുത്തിയതെന്ന് സുധീരന്‍ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അതിന് മറുപടി പറയാതെ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറുകയായിരുന്നു.
എ, ഐ ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതിനെ തുടര്‍ന്നാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ല ഇവരുടെ താല്‍പര്യമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചത് സോളാര്‍ വിവാദവും സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത വിവാദമായ ചില തീരുമാനങ്ങളുമായിരുന്നു. എങ്കിലും താനന്ന് രാജിവയെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ രാജിവെയ്ക്കണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെടുകയും തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തതോടെയാണ് അന്നത് ഒഴിവാക്കിയതെന്നും സുധീരന്‍ പറഞ്ഞിരുന്നു. പരസ്യപ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സുധീരന്‍ തന്റെ വീട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതിനെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























