ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോഴേക്കും ബോട്ട് രണ്ടായി പിളര്‍ന്ന് കടലിലേയ്ക്ക് താണു; അൽപ്പനേരം നിർത്തിയിട്ട കപ്പൽ പിന്നീട് വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു; ദുരന്തമുഖത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്ത് സ്രാങ്ക് എഡ്വിൻ പറയുന്നു

കൊച്ചി മുനമ്പത്ത് കപ്പൽ ബോട്ടിലിടിക്കുന്ന സമയം എല്ലാവരും ഉറങ്ങുകയായിരുന്നുവെന്ന് ബോട്ട് ഓടിച്ച എഡ്വിൻ. ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോഴേക്കും ബോട്ട് രണ്ടായി പിളര്‍ന്ന് കടലിലേക്ക് താണു. അപകടം ഉണ്ടായ ശേഷം അൽപ്പനേരം നിർത്തിയിട്ട കപ്പൽ പിന്നീട് വേഗത്തിൽ ഓടിച്ച് പോയെന്നും രക്ഷപ്പെട്ട എഡ്വിൻ പറഞ്ഞു.
മുനമ്പം എസ്ഐ അസീസ് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട എഡ്വിന്റെ മൊഴി രേഖപ്പെടുത്തിയത്. 4 മണിക്കൂര്‍ കടലില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടുത്തിയതെന്നും എഡ്വിന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളർന്ന് കടലിലേയ്ക്ക് താഴുകയായിരുന്നു. അപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശികളായ സഹായരാജ്, യുഗനാഥന്‍, യാക്കൂബ് എന്നിവരുടെ മൃതദേഹം കരയ്‌ക്കെത്തിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നരയോടെ കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം കടലില്‍ നിരവധി കപ്പലുകളുണ്ടായിരുന്നു. എന്നാൽ നേവി നടത്തിയ പരിശോധനയിൽ കപ്പല്‍ ചാലില്‍ ആണ് അപകടമുണ്ടായതെന്നും ഇന്ത്യന്‍ കപ്പലാണ് അപകടത്തിന് കാരണമായതെന്നും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും വ്യക്തമാക്കി.
എം വി ദേശശക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലെ ദസ്റയിലേക്ക് പോകുകയായിരുന്നു. കപ്പലിന്‍റെ സ്ഥാനം, അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്. നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് കപ്പല്‍.
അതേസമയം കപ്പല്‍ തടയാന്‍ നാവിക സേനയുടെ ഡോണിയര്‍ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. കൊച്ചിയില്‍നിന്ന് പുറപ്പെട്ട ഡോണിയര്‍ വിമാനം കപ്പല്‍ ക്യാപ്റ്റന്‍ അടക്കമുള്ളവരുമായി സംസാരിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിക്കാനായിരിക്കും ശ്രമിക്കുക.
തകര്‍ന്ന ബോട്ടിന്‍റെ പലക കഷ്ണങ്ങള്‍ക്കിടയില്‍നിന്നാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്‍റെ ഉടമ പറഞ്ഞു. കാണാതായ 9 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേവി, തീര സംരക്ഷണ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha
























