ആളു മാറി പോലീസിന്റെ ക്രൂരത വീണ്ടും... കരുനാഗപ്പള്ളി ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചഭാഗത്ത് ബൈക്കിന് സമീപം നിന്ന വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു

ആളുമാറി പോലീസിന്റെ ക്രൂരത വീണ്ടും. കരുനാഗപ്പള്ളി ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചഭാഗത്ത് ബൈക്കിന് സമീപം നിന്ന വിദ്യാര്‍ഥിയെ ആളുമാറി പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥി കൊല്ലം വള്ളിക്കീഴ് പെരുമ്പെട്ടില്‍ വീട്ടില്‍ അഖില്‍ കൃഷ്ണനെയാണ് (19) കരുനാഗപ്പള്ളി എസ്.ഐ ശ്യാംകുമാര്‍ നടുറോഡില്‍ മര്‍ദിച്ചത്. അഖിലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കെ.എസ്.ആര്‍.ടി സ്റ്റാന്‍ഡിലേക്ക് നടന്നുവരുന്നതിനിടെ അഖില്‍ സുഹൃത്ത് അമലുമായി സംസാരിക്കുന്നതിടെയായിരുന്നു സംഭവം. അതുവഴി വന്ന എസ്.ഐ സമീപത്ത് പാര്‍ക്ക് ചെയ്ത ബൈക്കിന്റെ ഉടമയാണെന്ന് ധരിച്ച് അഖിലിനെ മര്‍ദിക്കുകയായിരുന്നു. ബൈക്ക് തന്‍േറതല്ലെന്ന് പറഞ്ഞിട്ടും ജനക്കൂട്ടത്തിന് മുന്നിലിട്ട് മര്‍ദനം തുടര്‍ന്നു.
മാല മോഷണവും വണ്ടി മോഷണവുമാണ് ജോലിയെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ തെറിയഭിഷേകവും നടത്തി. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കയറ്റി സീറ്റിന് താഴെയിരുത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കൊണ്ടുപോകുംവഴിയും എസ്.ഐ മര്‍ദനവും തെറിയഭിഷേകവും തുടര്‍ന്നു. സ്‌റ്റേഷനില്‍ എത്തിച്ചശേഷവും മര്‍ദിച്ചു. ശ്വാസതടസ്സമുണ്ടായപ്പോള്‍ ചാടിച്ചതായും അഖില്‍ പറയുന്നു. വിവരമറിഞ്ഞ് കോളജില്‍നിന്ന് സഹപാഠികള്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും എസ്.ഐ പുറത്തുപോയി.
തുടര്‍ന്ന് നൂറ് രൂപ പിഴ ഈടാക്കി വിട്ടയച്ചു. ശ്വാസതടസ്സവും നടുവേദനയും അനുഭവപ്പെട്ട അഖിലിനെ രക്ഷകര്‍ത്താക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം, തിരക്കേറിയ നഗരത്തില്‍ വാഹനപാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് ബൈക്ക് നിര്‍ത്തി സംസാരിക്കുന്നവരോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മോശമായി പെരുമാറിയതിനാണ് അഖിലിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























