കൊച്ചിയിലെ നേവല്‍ എയര്‍സ്ട്രിപ് സിവിലിയന്‍ ഉപയോഗത്തിനായി കേരള ഗവണ്‍മെന്റിന് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചു, ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി ശനിയാഴ്ചയും യോഗം ചേരും

പ്രളയം ശക്തമായതോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെ ഇന്ന് കേരളത്തിലെത്തിക്കും. 51 ബോട്ടുകളും 1,000 ലൈഫ് ജാക്കറ്റുകളും 1,300 ഗംബൂട്ടുകളും എത്തിക്കുകയും ചെയ്യും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 48 മണിക്കൂറിനിടെ 16 ആകാശയാത്രകള്‍ നടത്തി. ഇന്ന് 1,600 ഭക്ഷണപ്പൊതികള്‍ ആകാശമാര്‍ഗം വിതരണം ചെയ്തു. വെള്ളപ്പൊക്കം നിമിത്തം കേരളം അനുഭവിക്കുന്ന ദുരിതങ്ങള്‍ വിലയിരുത്താന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി (എന്‍.സി.എം.സി.) രണ്ടു ദിവസത്തിനിടെ രണ്ടാമതു വെള്ളിയാഴ്ച യോഗം ചേര്‍ന്നു.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസപദ്ധതികളും യോഗം വിലയിരുത്തി. യോഗത്തില്‍ അധ്യക്ഷത വഹിച്ച ക്യാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹ കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിച്ചു. കേരളത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണ സേന, ദേശീയ ദുരിതാശ്വാസ സേന (എന്‍.ഡി.ആര്‍.എഫ്.) എന്നിവയ്ക്കു കൂടുതല്‍ സജ്ജീകരണങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ബോട്ടുകളും ഹെലികോപ്റ്ററുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്കളും മഴക്കോട്ടുകളും ഗംബൂട്ടുകളും മറ്റ് അവശ്യസാമഗ്രികളും ലഭ്യമാക്കാന്‍ ഈ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. വെള്ളം നിറഞ്ഞ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ലഭ്യമാക്കണമെന്നു കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
ഇതുവരെ കേന്ദ്ര ഗവണ്‍മെന്റ് 339 യന്ത്രവല്‍കൃത ബോട്ടുകളും 2,800 ലൈഫ് ജാക്കറ്റുകളും 1,400 ലൈഫ് ബോയ്കളും 27 ലൈറ്റ് ടവറുകളും ആയിരം മഴക്കോട്ടുകളും ലഭ്യമാക്കി. ഇതിനു പുറമേ 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറുകളും ആയിരം മഴക്കോട്ടുകളും ലഭ്യമായിട്ടുണ്ട്. ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഒരു ലക്ഷം പൊതികള്‍കൂടി വിതരണം ചെയ്യും. ഇതിനുപുറമെ, പാല്‍പ്പൊടി എത്തിച്ചുനല്‍കിയിട്ടുണ്ട്.
തീരസംരക്ഷണ സേന, രക്ഷാസംഘങ്ങളെ അയച്ചതിനൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റുകളും ഏഴു ലൈഫ് റാഫ്റ്റുകളും 144 ലൈഫ് ബോയ്കളും എത്തിച്ചിട്ടുണ്ട്. വ്യോമസേന 23 ഹെലികോപ്റ്ററുകളും 11 യാത്രാവിമാനങ്ങളും ലഭ്യമാക്കി. യെലഹങ്ക, നാഗ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണു ചില വിമാനങ്ങള്‍ എത്തിച്ചിരിക്കുന്നത്. പത്ത് സൈനികസംഘങ്ങളെയും പത്ത് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സുകളെയും കരസൈന്യം എത്തിച്ചിട്ടുണ്ട്. 60 ബോട്ടുകള്‍, 100 ലൈഫ് ജാക്കറ്റുകള്‍ എന്നിവയും ലഭ്യമാക്കി.
എന്‍.ഡി.ആര്‍.എഫ്. 43 രക്ഷാസംഘങ്ങളെയും ഒപ്പം 163 ബോട്ടുകളും മറ്റു സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സി.ആര്‍.പിഎഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. തുടങ്ങിയ ഏജന്‍സികളില്‍നിന്നായി കൂടുതല്‍ ബോട്ടുകളും സംവിധാനങ്ങളും നേടിയെടുക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. റെയില്‍വേ 1,20,000 കുപ്പി വെള്ളം എത്തിച്ചു. 1,20,000 കുപ്പിവെള്ളം കൂടി എത്തിച്ചുനല്‍കും. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രത്യേക തീവണ്ടിയില്‍ നാളെ കായംകുളത്ത് എത്തിക്കും.
കൊച്ചിയിലെ നേവല്‍ എയര്‍സ്ട്രിപ് സിവിലിയന്‍ ഉപയോഗത്തിനായി കേരള ഗവണ്‍മെന്റിനു വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ വി-സാറ്റ് ഉപയോഗപ്പെടുത്താമോ എന്ന സാധ്യത പരീക്ഷിക്കാന്‍ കേരള ഗവണ്‍മെന്റിനു നിര്‍ദേശം നല്‍കി. അവശ്യമരുന്നുകള്‍ തയ്യാറാക്കിവെക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി എന്‍.സി.എം.സി. യോഗം ശനിയാഴ്ചയും ചേരും.
https://www.facebook.com/Malayalivartha






















