അഞ്ഞൂറിലധികം പേരെ കരയ്‌ക്കെത്തിക്കാന്‍ സഹായിച്ചത് ശിക്കാരകളില്‍ കുതിച്ച മത്സ്യത്തൊഴിലാളികള്‍

പിടിച്ചെടുത്ത ശിക്കാരകളില്‍ ഡ്രൈവര്‍മാരായി മത്സ്യത്തൊഴിലാളികള്‍ എത്തിയതോടെ രക്ഷാ പ്രവര്‍ത്തനത്തിനു നവജീവന്‍. തുമ്പോളി കടപ്പുറത്തു നിന്നെത്തിയ പരിചയസമ്പന്നരായ 25 മത്സ്യത്തൊഴിലാളികളാണ് ശിക്കാരകള്‍ ഓടിക്കാന്‍ സ്വമേധയാ രംഗത്തു വന്നത്.
തുമ്പോളി വാര്‍ഡിലെ വാട്‌സാപ് ഗ്രൂപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എ.നിഷാദ് സന്ദേശം ഇട്ടതോടെ പലരും സേവനസന്നദ്ധരായി എത്തിച്ചേരുകയായിരുന്നു. ശിക്കാരവള്ളങ്ങള്‍ പിടിച്ചെടുത്തത് ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തില്‍ ആണ്. കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ ഇവരെ ഏകോപിപ്പിച്ചു.
പുന്നമട ഫിനിഷിങ് പോയിന്റില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയപ്പോള്‍ തിരക്കേറിയ നിരയില്‍ ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെങ്കിലും പിന്നീട് രക്ഷാ പ്രവര്‍ത്തനത്തില്‍ ഇവരുടെ സേവനം നാടിനു പ്രതീക്ഷയേകി.
ചമ്പക്കുളം, രാമങ്കരി, പുളിങ്കുന്ന്, മിത്രക്കരി തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നുമണിക്കൂറോളം യാത്ര ചെയ്താണ് ഇവരുടെ സംഘം അഞ്ഞൂറില്‍പ്പരം കുട്ടനാട്ടുകാരെ നഗരത്തിലെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. നഗരത്തിലേയ്ക്കു വരുന്ന ദുരിതബാധിതര്‍ക്ക് മുനിസിപ്പല്‍ ഗ്രന്ഥശാലയില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ജി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.
https://www.facebook.com/Malayalivartha

























