ആഘോഷങ്ങള്‍ ഒന്നുമില്ല... വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നെ നടത്താന്‍ തീരുമാനിച്ചു; പ്രതിസന്ധികള്‍ക്കൊടുവില്‍ കതിര്‍മണ്ഡപത്തിലേക്ക്...

പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക്. സുന്ദരന്‍-ശോഭ ദമ്പതികളുടെ മൂത്തമകള്‍ അഞ്ജുവാണ് ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും അവരുടെയെല്ലാം അനുഗ്രഹത്തോടെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി. ദുരന്തം മനസിലാക്കി ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടന്നത്.
കഠിന ജോലികള്‍ക്ക് ആരോഗ്യം അനുവദിക്കാത്ത അവസ്ഥയില്‍ സുന്ദരന്‍ ലോട്ടറിക്കച്ചവടവും സെക്യൂരിറ്റി പണിയും എടുത്തും ഭാര്യ ശോഭ വീട്ടുപണിക്കു പോയുമൊക്കെയാണ് കല്യാണത്തിനായി പണം സ്വരുക്കൂട്ടിയത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പെയിന്റടിച്ചു. മുറ്റവും പറമ്പും ചെത്തി പന്തലൊരുക്കാന്‍ പാകമാക്കി. ഒരുക്കങ്ങളും ആഘോഷങ്ങളുമായി കല്യാണ ദിവസം കാത്തിരുന്ന കുടുംബത്തിലേക്ക് വ്യാഴാഴ്ചയാണ് വെള്ളം വിരുന്നെത്തിയത്.
ഇതോടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ആഭരണങ്ങളും മറ്റും ജ്വല്ലറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുയായിരുന്നു. വീട്ടില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ത്തന്നെ വിവാഹവസ്ത്രങ്ങളും മറ്റു സാധനങ്ങളും ശോഭയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. എന്നാല്‍, രാത്രിയോടെ വെള്ളം അവിടെയുമെത്തി.
അഞ്ജുവിന്റെ വീട്ടില്‍ കഴുത്തൊപ്പം വെള്ളമാണിപ്പോള്‍. പിന്നെ ആശ്രയം നഗരസഭയുടെ ക്യാംപായിരുന്നു. എംഎസ്പി എല്‍പി സ്‌കൂള്‍ ക്യാംപിലാണിപ്പോള്‍ കല്യാണപ്പെണ്ണ്. വരനെ വിളിച്ച് അവസ്ഥ പറഞ്ഞപ്പോള്‍, താലികെട്ട് മാത്രം മതിയെന്നും സദ്യയോ മറ്റ് ആര്‍ഭാടങ്ങളോ വേണ്ടെന്നും അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























