ആ ചുമലുകളില്‍ കണ്ടു കേരളത്തിന്റെ കരുതല്‍...'ങ്ങള് കേറിക്കോളിന്‍ ഉമ്മ': ദുരിതത്തില്‍ നിന്ന് കേരളം 'ചവിട്ടിക്കയറിയത്' ജൈസലിന്റെ ചുമലിലൂടെ: കണ്ണുനിറഞ്ഞ് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ആ നീല ക്കുപ്പായക്കാരന്‍ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. ദുരിതബാധിതര്‍ക്ക് പ്രതീക്ഷയുടെ ലോകത്തേക്ക് ചവിട്ടിക്കയറാന്‍ തന്റെ ചുമല് കാണിച്ചുകൊടുത്ത ആ നീലഷര്‍ട്ടുകാരന്‍. ഇത് മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി ജൈസല്‍ കെ പി എന്ന മല്‍സ്യതൊഴിലാളി. 32 കാരനായ ഈ യുവാവാണ് സ്ത്രീകള്‍ക്ക് റബ്ബര്‍ ബോട്ടില്‍ കയറാന്‍ കമഴ്ന്നു കിടന്നു സ്‌റ്റെപ്പായി മാറിയത്.
വെള്ളത്തില്‍ കുതിര്‍ന്ന് നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴും ഒരു മടിയും കൂടാതെ ഇത്തരത്തില്‍ സ്ത്രീകളെ രക്ഷിക്കാന്‍ കാണിച്ച ആ മനസിനെ നിറകണ്ണുകളോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും.
'ഒരു നിമിഷം താഴ്ന്നു കൊടുക്കുന്നവന്‍ ഒരായുഷ്‌കാലം മുഴുവന്‍ ഉയര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കും' എന്നവാക്കുകള്‍ അന്വര്‍ത്ഥമായി. നൂറ്റിയമ്പത് പേരെയാണ് തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജെയ്‌സലും സംഘവും ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വേങ്ങര മുതലമാട് എന്ന സ്ഥലത്ത് നിന്നാണ് ജെയ്‌സല്‍ ഇത്തരത്തില്‍ സ്ത്രീകളെ രക്ഷിച്ചെടുത്തത്. ഇത് കണ്ട് നിന്നവരാരോ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ മാളയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജെയ്‌സല്‍. മലപ്പുറം ട്രോമ കെയറിന്റെ കീഴിലാണ് ദുരിതത്തിലകപ്പെട്ടവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി ജെയ്‌സല്‍ ഇറങ്ങിയത്. താനൂരില്‍ മത്സ്യ തൊഴിലാളിയാണ് ഇദ്ദേഹം. രക്ഷാ പ്രവര്‍ത്തനത്തില്‍ തന്നെയാണ് ഈ യുവാവ് ഇപ്പോഴും. താരമായതിന്റെ അഹംഭാവമില്ല ജസലിന്.
https://www.facebook.com/Malayalivartha

























