പ്രളയദുരിത്തില്‍ വലയുന്ന കേരളത്തില്‍; ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാസത്തെ മാസ്റ്റര്‍ പ്ലാനുമായി ആരോഗ്യ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്തെ പ്രളയ ദുരിതത്തെ തുടര്‍ന്ന് അടുത്ത ഒരു മാസത്തേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. മന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ക്യാമ്പുകളിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കും. സേവനത്തിനെത്തുന്ന എല്ലാ മെഡിക്കല്‍ ടീമുകളും ഈ കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രി അറിയിച്ചു.
മരുന്നുകളുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അവശ്യമരുന്നുകള്‍ അധികമായി ശേഖരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലെയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജെഎച്ച്‌ഐമാര്‍, എച്ച്‌ഐമാര്‍, ജെപിഎച്ച്എന്‍മാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയായിരിക്കും ഇതിനായി നിയോഗിക്കുക. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയബാധിത പ്രദേശങ്ങളില്‍ ചില ആരോഗ്യ കേന്ദ്രങ്ങള്‍ വെള്ളത്തിലാണ്. ഇത്തരം കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിലെയും ആയുഷിലെയും ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പുകളില്‍ ഉപയോഗപ്പെടുത്തും. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പിന്നീട് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനും ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നടപടികളിലുമാണ്.
വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവയുടെ മൃതശരീരങ്ങള്‍ വെള്ളം ഇറങ്ങുന്നതോടെ വിവിധ സ്ഥലങ്ങളില്‍ അടിയും. ഇത് ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. തദ്ദേശഭരണ സ്ഥാപനങ്ങുടെ ചുമതലയില്‍ സദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മൃഗങ്ങളുടെ മൃതശരീരങ്ങള്‍ കത്തിച്ചുകളയുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാവൂ എന്ന് ജനങ്ങളെ ബോധവത്ക്കരിക്കണം.
ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഒറ്റപ്പെട്ട പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവശ്യമായ മരുന്നുകള്‍ നല്‍കി ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വരുന്ന ഒരു മാസം ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ഇതിന് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു ള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























