ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധിക്കാരമെന്ന് മുഖ്യമന്ത്രി പിണറായി

സാഹിത്യം സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാല്‍ അയാള്‍ക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവം നാലാം പതിപ്പിന്റെ
ഉദ്ഘാടനം ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അധ്യക്ഷനായി. സ്വതന്ത്ര രാജ്യത്തിനുമേല്‍ ലോക സാമ്രാജ്യത്വം ആക്രമണോത്സുകത കാണിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വലയില്‍ പ്രസിഡന്റിനെയും ഭാര്യയെയും രാജ്യത്ത് അതിക്രമിച്ചു കടന്നു മറ്റൊരു രാജ്യത്തെ സായുധ സംഘം തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ധിക്കാരവും ധാര്‍ഷ്ട്യവുമാണ് അമേരിക്കന്‍ സാമ്രാജ്യത്വം പ്രകടിപ്പിച്ചത്. ക്യൂബയിലും ഗ്രീന്‍ലാന്‍ഡിലും സമാനമായ അക്രമങ്ങള്‍ നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നു. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത സ്വതന്ത്ര രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ നടപടിക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. ലോകം നേരിടുന്ന ഈ ഭീഷണി പ്രബുദ്ധരായ വായനാ ലോകത്തിന്റെ ചര്‍ച്ചയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ പുരസ്‌കാരം ലഭിച്ച എന്‍.എസ്.മാധവന്റെ 'തിരുത്ത്', 'മുംബൈ' എന്നീ കഥകള്‍ക്ക് പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന നിലവിലെ ഭീതിദ സാഹചര്യത്തില്‍ സവിശേഷ പ്രധാന്യമുള്ളതായി മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് എന്‍.എസ്.മാധവന്‍ ഏറ്റുവാങ്ങി. കെ.വി.സുധാകരന്‍ എഴുതിയ 'വിഎസ്: സമരം, ചരിത്രം, ഇതിഹാസം', കെ.ടി.ജലീല്‍ എഴുതിയ 'അമേരിക്ക ടു മക്ക', ഡോ. വി.എസ്.രാജേഷ് രചിച്ച 'പവിത്രം പത്മനാഭം' എന്നീ പുസ്തകങ്ങള്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഇന്ത്യയിലെ മികച്ച പുസ്തകോത്സവമായി കെഎല്‍ഐബിഎഫ് മാറിയതായി സ്പീക്കര്‍ പറഞ്ഞു. പുസ്തകം കയ്യിലെടുത്തുകൊണ്ടുള്ള പരമ്പരാഗത വായനയെ ഇന്റര്‍നെറ്റ് സാഹിത്യം മറികടക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി വരുന്ന കെട്ട കാലത്ത് വായനയിലൂടെയാണ് പ്രതിരോധം തീര്‍ക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
2025 ലെ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് അസോസിയേഷന്‍ ചെയര്‍പഴ്‌സന്‍ ഡോ. ക്രിസ്റ്റഫര്‍ കെ.കലില എംപി, മന്ത്രിമാരായ കെ.രാജന്‍, വി.ശിവന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, സാഹിത്യകാരന്‍ ടി.പത്മനാഭന്‍, ചീഫ് വിപ്പ് എന്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതവും നിയമസഭ സെക്രട്ടറി ഡോ. എന്‍.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha


























