ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബാര്‍ അസ്സോസിയേഷന്‍ ഹാള്‍ നല്‍കിയില്ല; സിവില്‍ സ്‌റ്റേഷനിലെ അസോസിയേഷന്റെ മുറികള്‍ കളക്ടര്‍ അനുപമ ഇടപെട്ട് പൂട്ട് പൊളിച്ചു അകത്തുകടന്നു

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുനല്‍കിയില്ല. മുറികള്‍ തുറന്ന് നല്‍കാന്‍ തൃശൂരിലെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ കളക്ടര്‍ നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചു.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി കളക്ടറേറ്റില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തിലാണിത്. സിവില്‍ സ്‌റ്റേഷനിലെ അസോസിയേഷന്റെ മുറികള്‍ തുറന്നുനല്‍കാന്‍ ബാര്‍ അസോസിയേഷന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മുറി ഒഴിപ്പിച്ചത്.
തമിഴ്‌നാട്ടില്‍നിന്ന് സഹായമായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും ഈ മുറികളില്‍ സംഭരിച്ചു. ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ താത്പര്യക്കുറവ് കാണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ജോസ് മേച്ചേരി അറിയിച്ചു. താക്കോല്‍ കൊടുക്കാന്‍ കഴിയാതിരുന്നത് ജീവനക്കാരന്‍ ആ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ പൂര്‍ണസഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























