വെള്ളംകയറിയ വീടുകളില്‍ പാമ്പുകള്‍ കയറാനുള്ള സാധ്യത കൂടുതലാണ്; വീടുകളിലേക്കു തിരിച്ചു പോകുന്നവര്‍ ഇഴജന്തുക്കളെ സൂക്ഷിക്കണം; പാമ്പുകളെ കണ്ട് ഭയക്കാതിരിക്കുക വാവ സുരേഷ് പറയുന്നത് ഇങ്ങനെ

വെള്ളംകയറിയ വീടുകളിലേക്കു തിരിച്ചു പോകുന്നവര്‍ ഇഴജന്തുക്കളെ സൂക്ഷിക്കണം. വെള്ളംകയറിയ വീടുകളില്‍ പാമ്പുകള്‍ കയറാനുള്ള സാധ്യത കൂടുതലാണെന്നു വാവ സുരേഷ്. പ്രളയക്കെടുതിയില്‍ പ്രകൃയിലെ ജീവജാലങ്ങള്‍ ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അവ വീടുകളില്‍ സുരക്ഷിത സ്ഥാനംതേടികയറുന്നതാണ്.
പാമ്പുകളെ കണ്ട് ഭയക്കാതിരിക്കുക, അവയെ കൊല്ലാന്‍ ശ്രമിക്കാതിരിക്കുക. വീടുകളില്‍ മണ്ണെണ്ണ തളിച്ചാല്‍ പാമ്പുകള്‍ സുരക്ഷിതമായി അവയുടെ സ്ഥാനങ്ങളിലേക്കു പോകും. അലമാരയില്‍ അടുക്കിവച്ച വസ്ത്രങ്ങള്‍ കൈകൊണ്ട് തൊടാതെ കമ്പോ മറ്റോ ഉപയോഗിച്ചു നീക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ഇരുമ്പലമാരയാണെങ്കില്‍ കാലുകള്‍ക്കടിയില്‍ ദ്വാരത്തില്‍ പാമ്പുകളില്ലെന്ന് ഉറപ്പുവരുത്താന്‍ മറച്ചിട്ടു പരിശോധിക്കണം.
അണലികളാണു കൂടുതലും വീടിനുള്ളില്‍ കയറുക. തട്ടിന്‍പുറത്തോ ഉയരത്തില്‍ വച്ചിരിക്കുന്ന പാത്രത്തിനുള്ളിലോ ഷെല്‍ഫുകളിലോ ഷൂസിനുള്ളിലോ അടുപ്പിന്റെ വശങ്ങളിലോ ഇഴജന്തുക്കള്‍ കയറിയിരിക്കും. അതിനാല്‍ വെള്ളം നിറഞ്ഞവീടുകളില്‍ കയറുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കണം. പാമ്പുകടിയേറ്റാല്‍ ഒട്ടും ഭയക്കാതെ മുറിവിനു രണ്ടുസെന്റീമീറ്റര്‍ മുകളില്‍വച്ച് ഒരു തുണിയുപയോഗിച്ച് അധികം മുറുക്കാതെ കെട്ടുക. തുടര്‍ന്ന് ശരീരം അനക്കാതെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
വെള്ളപ്പൊക്കമുണ്ടായ ഓരോ ജില്ലയിലും പാമ്പുകടിയേറ്റവരെ എത്തിക്കേണ്ട ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൊച്ചിമെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, കോതമംഗലത്ത് മാര്‍ ബസേലിയോസ് ആശുപത്രി, മൂവാറ്റുപുഴയില്‍ ചാരിസ് ആശുപത്രി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി. അമലമെഡിക്കല്‍ കോളജ്, കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ബേബി മെമ്മോറിയല്‍ ആശുപത്രി, മലപ്പുറത്ത് മഞ്ചേരി മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലയില്‍ പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കും.
അതേസമയം വാട്‌സാപ്പില്‍ പ്രചരിക്കുന്ന ചട്ടുകത്തലയന്‍ (ചുറ്റികത്തലയന്‍) പാമ്പിനെ സൂക്ഷിക്കുക എന്ന സന്ദേശം വ്യാജമാണ്. അവ കടിച്ചാല്‍ മരണമുറപ്പാണ് എന്നാണ് പറയുന്നത്. തീര്‍ത്തും അസംബന്ധമാണ് ഈ സന്ദേശം. ചട്ടുകലയന്‍വിര ഇനത്തില്‍പ്പെട്ട ഉരഗമാണിത്. അവ കടിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാവ സുരേഷ് പറയുന്നു.
https://www.facebook.com/Malayalivartha
























