കരകയറാനാകാതെ കോട്ടയം..വെള്ളപ്പൊക്കം അതിരൂക്ഷം... ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ഗുരുതരം; ജനങ്ങള്‍ മാറണമെന്ന് മുന്നറിയിപ്പ്

ദുരിതം പിടിവിടുന്നില്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുമരകം, തിരുവാര്‍പ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുമരകത്ത് 3000 പേരും തിരുവാര്‍പ്പില്‍ 5000 പേരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 23,259 കുടുംബങ്ങളില്‍ നിന്നായി 89,178 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ജില്ലയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. വെള്ളുത്തുരുത്തി പാരിപ്പള്ളിക്കടവില്‍ വീട് പരിസരവാസിയായ ഗോപാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. മീനച്ചില്‍, വൈക്കം എന്നിവടങ്ങളില്‍ ഓരോരുത്തരെ കാണാതായിട്ടുണ്ട്.
ജില്ലയില്‍ കുമരം, തിരുവാര്‍പ്പ്, വൈക്കം പഞ്ചായത്തുകളിലും കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകളിലും വെള്ളപ്പൊക്ക കെടുതി രൂക്ഷമാണ്. അയ്മനം, ആര്‍പ്പൂക്കര, വൈക്കം, കല്ലറ, നീണ്ടൂര്‍, വിജയപുരം, മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ കോട്ടയം ഡിപ്പോയില്‍ നിന്ന് ആകെയുള്ള 89 സര്‍വീസുകളില്‍ 44 സര്‍വീസുകള്‍ മാത്രമാണ് നടത്താനായത്. 450 ജീവനക്കാരില്‍ ഇരുനൂറോളം പേര്‍ക്ക് ജോലിക്ക് എത്താന്‍ കഴിഞ്ഞില്ല. 17 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























