സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ്; ക്യാമ്പുകളില്‍ അനധികൃതമായി കടന്നാല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ബെഹ്‌റ; ക്യാമ്പുകളുടെ സുരക്ഷാ ചുമതല ക്രൈം ബ്രാഞ്ചിന്

കേരളം ഒറ്റക്കെട്ടായി മഹാദുരന്തത്തെ നേരിടുമ്പോഴും സാമൂഹ്യ വിരുദ്ധര്‍ അരങ്ങ് വാഴുന്നു. പ്രളയത്തില്‍ എല്ലാം ഉപേക്ഷിച്ച് പോയവരാണ് അധികവും. ഈ തക്കം നോക്കി സാമൂഹ്യ വിരുദ്ധര്‍ വീടുകള്‍ കൊള്ളയടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴി ചിലരാകട്ടെ വ്യാജ പ്രചരണങ്ങളും നടത്തുന്നു. ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
പ്രളയമേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അനധികൃതമായി കടക്കുന്നവരെയും ഇന്റര്‍നെറ്റ് വഴി ഭീതിയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെയും കേസെടുത്ത് ജയിലിലാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. എല്ലാ ക്യാമ്പുകളിലും പൊലീസ് സുരക്ഷയുണ്ടാവും. ക്യാമ്പുകളില്‍ കടക്കണമെങ്കില്‍ പൊലീസും താമസക്കാരുമുള്‍പ്പെട്ട കമ്മിറ്റിയുടെ അനുമതി നേടണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യക്കടത്ത് തടയാനുള്ള വിഭാഗത്തെ നിയോഗിക്കും. അമിതവിലയീടാക്കലും പൂഴ്ത്തിവയ്പും നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനെയും നിയോഗിച്ചു. ഇത്തരക്കാരെ െ്രെകംബ്രാഞ്ച് കേസെടുത്ത് ജയിലിലാക്കും. അമിതവില തടയാന്‍ എല്ലാ എസ്.പിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ദുരിതമേഖലകളിലെ 62,000 കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതസൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന് പൊലീസ് നേരിട്ട് സഹായം ചെയ്യും. ഓരോ വീടിനും ഓരോ പൊലീസുകാരന്റെ മേല്‍നോട്ടമുണ്ടാവും. വ്യക്തിപരമായി താന്‍ മൂന്നു കുടുംബങ്ങളുടെ പുനരധിവാസത്തിന് നേരിട്ട് സഹായിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഉള്‍പ്രദേശങ്ങളിലെ വീടുകളിലേക്ക് ആരും എത്തിയിട്ടില്ല. സഹായം ലഭിക്കാതെ വീടുകള്‍ക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് വ്യക്തമല്ല. എല്ലാ വീടുകളിലുമെത്തി പരിശോധിക്കാന്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോഷണം തടയാന്‍ കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കും.
വീടുകള്‍ ശുചീകരിക്കാന്‍ 30,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണത്തിനുള്ള സാമഗ്രികളും പൊലീസ് ശേഖരിക്കും. തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍ എന്നിവയുമായി ചേര്‍ന്നാവും ശുചീകരണം. വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായെങ്കില്‍ പൊലീസ് കേസെടുക്കും. വീടുകള്‍ നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് ജനമൈത്രി പൊലീസ് വീടുവച്ച് നല്‍കും. പൊലീസുകാര്‍ അവധി റദ്ദാക്കി ഓണത്തിന് ദുരിതബാധിതര്‍ക്കൊപ്പം ക്യാമ്പുകളിലുണ്ടാവും. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ പൊലീസ് ഭക്ഷണമെത്തിക്കും. പ്രളയത്തില്‍ തകര്‍ന്ന മൂന്ന് പൊലീസ് സ്‌റ്റേഷനുകള്‍ പുനര്‍നിര്‍മ്മിക്കും. യൂണിഫോം നഷ്ടമായ പൊലീസുകാര്‍ക്ക് കാന്റീനുകള്‍ വഴി സൗജന്യമായി നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൊലീസ് 10 കോടി രൂപ നല്‍കും. വിവിധ സംസ്ഥാന പൊലീസുകളും കേന്ദ്രസേനകളും സഹായവാഗ്ദാനം നടത്തുന്നുണ്ട്. ഇവയെല്ലാം ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
https://www.facebook.com/Malayalivartha


























