കൊലക്കേസ് പ്രതികളെ പുറംജോലികള്‍ക്കു നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിലുണ്ടായില്ല; 23 ജീവനക്കാരാണ് ഈ ജയിലുള്ളത് എന്നിട്ടും സൗമ്യ തൂങ്ങിമരിച്ചതു ഗുരുതര പിഴവുതന്നെയെന്ന് വിലയിരുത്തല്‍

പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ചയുണ്ടായെന്നു പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതികളെ പുറംജോലികള്‍ക്കു നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിലുണ്ടായില്ലെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെല്ലിനു പുറത്തു തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാല്‍ ജോലിസ്ഥലത്തുനിന്നു സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നതു മരക്കൊമ്പില്‍ തൂങ്ങിയശേഷമാണ്.
കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരേക്കാള്‍ കൂടുതല്‍ ജീവനക്കാരുണ്ട്. 20 തടവുകാര്‍ക്കു 23 ജീവനക്കാരാണു ജയിലുള്ളത്. എന്നിട്ടും സൗമ്യ തൂങ്ങിമരിച്ചതു ഗുരുതര പിഴവുകളിേലക്കാണു വിരല്‍ചൂണ്ടുന്നത്. എന്നാല്‍ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നതു നാലു പേര്‍ മാത്രമായിരുന്നു. മൂന്നേക്കര്‍ വിസ്തൃതിയിലുള്ള ജയില്‍ വളപ്പില്‍ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല എന്നതും ശ്രദ്ധേയം.
രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലില്‍നിന്നു പുറത്തിറക്കിയത്. 7.30നു പ്രാതല്‍ കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30 നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇത്. റിമാന്‍ഡ് തടവുകാര്‍ ജയിലിനുള്ളില്‍ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണു സൗമ്യയുടെ കയ്യില്‍ എത്തിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
ശിക്ഷിക്കപ്പെടുന്ന തടവുകാര്‍ക്കു മാത്രമാണു ജയിലിനുള്ളില്‍ ജോലി നല്‍കുക. എന്നാല്‍ റിമാന്‍ഡ് തടവുകാര്‍ ആവശ്യപ്പെടുന്ന പക്ഷം അവര്‍ക്കും ജോലി നല്‍കാം. പ്രതിയുടെ മാനസികനില, ഉള്‍പ്പെട്ട കേസിന്റെ സ്ഥിതി എന്നിവ നോക്കിയാണ് ഇതു തീരുമാനിക്കേണ്ടത്. വനിതാ ജയില്‍ സൂപ്രണ്ട് പ്രാഥമിക റിപ്പോര്‍ട്ട് ഉത്തരമേഖലാ ജയില്‍ ഡിഐജി എസ്. സന്തോഷിനു നല്‍കി. റീജനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷിനോടും ഡിഐജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണത്തിനു ഡിഐജി അടുത്തദിവസം ജയിലിലെത്തും. ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.
ജയിലില്‍നിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. ഇന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌മോര്‍ട്ടം ചെയ്യുന്ന മൃതദേഹം പൊലീസിന്റെ നേതൃത്വത്തില്‍ തന്നെ സംസ്‌കരിക്കും. സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണു സൗമ്യ വിഷം നല്‍കി കൊന്നത്. പൊലീസ് കുറ്റപത്രം നല്‍കിയ മൂന്നുകേസിലുമായി ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് വെള്ളിയാഴ്ച സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha
























