പ്രളയ ജലം പിന്‍വാങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം വീടുകളില്‍ താമസം തുടങ്ങാനാവാതെ ആളുകള്‍; അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കാന്‍ തൊഴിലാളികളെ പോലും കിട്ടാനില്ലാത്ത സ്ഥിതി

പ്രളയ ജലം പിന്‍വാങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം വീടുകളില്‍ താമസം തുടങ്ങാനാവാതെ നിരവധി പേര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു മടങ്ങിയെങ്കിലും വീടുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനാവാത്തതാണ് പ്രളയ ബാധിത മേഖലകളില്‍ പ്രതിസന്ധിയാകുന്നത്. അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കാന്‍ തൊഴിലാളികളെ പോലും കിട്ടാനില്ലെന്നതാണ് സ്ഥിതി. സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും പലയിടത്തും വൃത്തിയാക്കല്‍ ജോലികള്‍ നടത്തുന്നുണ്ടെങ്കിലും പല മേഖലകളിലും ഇത് വേണ്ടവിധം എത്തിക്കാനായിട്ടില്ല. വേണ്ടത്ര ഏകോപനം ഇക്കാര്യത്തില്‍ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
അതേസമയം സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വന്തം വീടുകളില്‍ താമസം തുടങ്ങാനാവാത്തതിന്റെ ആവലാതിയിലാണ് ആയിരങ്ങള്‍.
എറണാകുളം ജില്ലയില്‍ പ്രളയം ഏറെ ദുരിതം വിതച്ച മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, കാലടി, പറവൂര്‍ മേഖലകളിലാണ് നിരവധി പേര്‍ ഇപ്പോഴും സ്വന്തം വീടുകള്‍ ശുചിയാക്കി കൊണ്ടിരിക്കുന്നത്. ഈ മാസം 15നാണ് പ്രളയ ജലം ഇവിടങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1920 തിയതികളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിരുന്നു. അന്നു മുതല്‍ തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ച്ചയ്ക്ക് ശേഷവും തുടര്‍ന്നു കൊണ്ടിരിക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ അമിത കൂലി ഈടാക്കുന്നതായുള്ള പരാതികളും ഉയര്‍ന്നു വരുന്നുണ്ട്. ഒരു ദിവസത്തെ ജോലിക്ക് 1000 മുതല്‍ 1500 രൂപ വരെ തൊഴിലാളികള്‍ വാങ്ങുന്നു. രണ്ട് നേരത്തെ ആഹാരവും ഇതിനൊപ്പം നല്‍കണം. ഇതിനു പുറമേ ചിലര്‍ മണിക്കൂറു കണക്കിനു പണം വാങ്ങുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് പറയുന്ന പണം കൊടുത്ത് ശുചീകരണം നടത്തുക മാത്രമാണ് നിലവിലുള്ള പോംവഴി. വീടുകളില്‍ അടിഞ്ഞു കൂടിയ ചേറും ചെളിയും പോലും ഇതുവരെ പൂര്‍ണമായി നീക്കാനാവാത്ത നിരവധി പേരാണുള്ളത്. ചെളി നീക്കം ചെയ്താലും അഞ്ചും ആറും വട്ടം വീട് കഴുകിയാലും ദുര്‍ഗന്ധം വിട്ടു മാറുന്നില്ലത്രേ. ഇതിനാല്‍ കൊച്ചു കുട്ടികളെയും സ്ത്രീകളെയും വീടുകളില്‍ പാര്‍പ്പിക്കാനും സാധിക്കുന്നില്ല. പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും അയല്‍വീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. കുടിവെള്ള പൈപ്പുകളുടെ തകരാറുകളും ഇതുവരെ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം കുറയാത്തതിനാല്‍ കിണര്‍ ശുദ്ധിയാക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. അയല്‍ വീടുകളും സമാന സ്ഥിതിയിലായതിനാല്‍ സഹായത്തിനു പോലും ആരെയും ലഭിക്കാത്ത അവസ്ഥയാണ് പലര്‍ക്കും. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായങ്ങള്‍ ഇതുവരെ ലഭ്യമാകാത്തതും പ്രതിസന്ധിയാകുന്നുണ്ട്. വെള്ളം കയറിയ പല വീടുകളിലും വസ്ത്രങ്ങള്‍ പോലും നാശമായി. ഇത്തരക്കാര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന ആവശ്യവും നാനാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വിതരണം ചെയ്യുന്ന കിറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പ്രളയ ബാധിത പ്രദേശത്തെ ആയിരങ്ങള്‍.
https://www.facebook.com/Malayalivartha


























