അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ട് സൈബര്‍ ആക്രമണം നടത്തിയ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു. സൈബര്‍ പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ ചാറ്റ് ഉള്‍പ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചതിനാണ് കേസ്. പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാന്‍ രംഗത്തെത്തിയിരുന്നു.
ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്‌ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാന്‍ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ആണെന്നും ഫെനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞദിവസവും രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാന്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച ചില സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ചത്. 2024ല്‍ രാഹുല്‍ ബലാത്സംഗംചെയ്‌തെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറില്‍ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായാണ് ഫെനിയുടെ വാദം.
https://www.facebook.com/Malayalivartha


























