വീട്ടമ്മയെ ആശുപത്രിലേക്ക് കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി; ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് മന്ത്രാലയമെന്ന് രാഹുല്‍

പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാട്ടുകാരുടെ കൈയ്യടി. രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം.
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മടക്കയാത്രക്കായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെത്തിയപ്പോള്‍ രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സും എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിര്‍ദ്ദേശം നല്‍കി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് തിരിച്ച ശേഷമാണ് രാഹുല്‍ ആലപ്പുഴയിലേക്ക് തന്റെ യാത്ര തുടര്‍ന്നത്.
അതേ സമയം കേരളത്തിലെ പ്രളയത്തില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്‌റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സ്വന്തം മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























