പ്രളയക്കെടുതിയിലെ ദുരിതത്തിന് മുന്നിൽ പകച്ച് കലാഭവൻ മണിയുടെ സഹോദരന്റെ കുടുംബം; വീടിനകം മുഴുവൻ വെള്ളം കയറിയപ്പോൾ ക്യാമ്പിലേയ്ക്ക് താമസം മാറ്റി: തിരികെയെത്തിയപ്പോൾ വീട്ടിൽ നശിക്കാത്തതായി ഒന്നുമില്ല....

ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പ്രളയക്കെടുതിയിൽ പകച്ച് നിൽക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബം. മണിയുടെ മൂത്ത സഹോദരന്റെ ഭാര്യ വത്സയും മകൻ സുമേഷുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. പ്രളയത്തിൽ വീട് പൂർണ്ണമായി മുങ്ങിപ്പോയതിനാൽ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മകൻ സുമേഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിൽ തിരികെയെത്തിയപ്പോഴേക്കു സാധനങ്ങളെല്ലാം നശിച്ചുപോകുകയും ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പാണ് അറുപത് വര്‍ഷം പഴക്കമുള്ള ഈ വീട് മണി വാങ്ങിക്കൊടുത്തത്. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ചു. മുന്നോട്ട് ജീവിക്കാന്‍ ഇവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയിലാണിപ്പോള്‍.
വെള്ളപാച്ചിലില്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകളും ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരുന്നു. മൂന്ന് ദിവസമാണ് ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിച്ച് കൂട്ടിയത്. ഒടുവില്‍ ബോട്ടിലെത്തിയാണ് രക്ഷിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവരോടും നന്ദി പറയുന്നുവെന്നും മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറഞ്ഞിരുന്നു.
ഇതിനിടെ കലാഭവന്‍ മണി നിര്‍മിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മരണം എന്നത് ഞങ്ങള്‍ മുന്നില്‍ കണ്ട കാഴ്ചയാണെന്നാണ് മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. വെള്ളപ്പൊക്കം തകര്‍ത്തു കളഞ്ഞ ചാലക്കുടി ചേന്നത്ത് നാട്ടിലെ ജനങ്ങള്‍ക്കൊപ്പം പേരാമ്ബ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്‍.
https://www.facebook.com/Malayalivartha
























