കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനങ്ങളില്‍ അനുകൂലിക്കേണ്ടവ ഏതാണെന്നും എതിര്‍ക്കേണ്ടവ ഏതാണെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ല ബോധ്യമുണ്ട് ; സ്റ്റാലിന് മറുപടിയുമായി പളനിസ്വാമി

മോദി സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്‍റെ സര്‍ക്കാരെന്ന പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനങ്ങളില്‍ അനുകൂലിക്കേണ്ടവ ഏതാണെന്നും എതിര്‍ക്കേണ്ടവ ഏതാണെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ല ബോധ്യമുണ്ട്. അത് അതതു ഘട്ടങ്ങളില്‍ ചെയ്യാറുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. എഐഎഡിഎംകെയ്ക്കെതിരെയുള്ള ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജയലളിത തെളിച്ച വഴിയിലൂടെയാണ് തന്‍റെ പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷം എല്ലായ്പോഴും തങ്ങളെ എതിര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അവര്‍ എപ്പോഴെങ്കിലും സര്‍ക്കാരിനെ അഭിനന്ദിച്ചതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള പ്രസംഗത്തിലാണ് സ്റ്റാലിന്‍ എഐഎഡിഎംകെയെ നിശിതമായി വിമര്‍ശിച്ചത്. നട്ടെല്ലില്ലാത്ത അണ്ണാ ഡിഎംകെയെ അധികാരത്തില്‍നിന്നു തൂത്തെറിയണമെന്നും സ്റ്റാലിന് പറഞ്ഞു.
https://www.facebook.com/Malayalivartha























