സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല; പ്രളയമുണ്ടാക്കിയത് ഭരണകൂടം; ജലവിഭവ വകുപ്പിനും ഗുരുതര വീഴ്ച; വൈദ്യൂതി ബോര്‍ഡ് നാഥനില്ലാത്ത കളരി; ഉദ്യോഗസ്ഥര്‍ അലര്‍ട്ട് ബുക്കില്‍ എഴുതിയതല്ലാതെ പൊതുജനം കാര്യങ്ങള്‍ അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ്

ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഭരണകൂടം ഡാം തുറന്നുവിട്ടതാണ് പലയിടത്തും പ്രളയമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിന് എതിരല്ല പ്രതിപക്ഷം. ഡാം മാനേജ്‌മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്. മറ്റെവിടെയും ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എവിടെയെങ്കിലും റെഡും, ബ്ലൂവും, ഓറഞ്ചും എഴുതി വെച്ചത് കൊണ്ടായില്ല. ജനങ്ങളെ അറിയിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രണയബാധിത മേഖലകളില്‍ താന്‍ മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമേ തന്നെ സംഭാവന ചെയ്തു. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്നും പ്രളയം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെന്നിത്തല ഉന്നയിച്ചു.
രക്ഷാപ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ് സര്‍ക്കാരിന്റെ വിജയമായി കണക്കാക്കാനാകില്ല. ദുരിതം നേരിടുന്നതില്‍ റവന്യൂവകുപ്പ് പൂര്‍ണ്ണ പരാജയമായിരുന്നു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേതൃപരമായ ചുമതല വഹിച്ചില്ല. ദുരിതത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രളയം മനുഷ്യനിര്‍മ്മിതമാണ്. അത് വിദഗ്ധര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അണക്കെട്ടുകള്‍ തുറന്നുവിട്ടത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ഇടുക്കിയില്‍ ഒഴികെ ഒരു ജില്ലയിലും ഡാമുകള്‍ തുറക്കുന്നതിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ അലര്‍ട്ട് ബുക്കില്‍ എഴുതിയതല്ലാതെ പൊതുജനം അറിഞ്ഞില്ല. സൈന്യത്തെ വിളിക്കണമെന്ന തന്റെ ആവശ്യത്തെ ഭരണപക്ഷം പരിഹസിച്ചു. സൈന്യം വന്നിരുന്നുവെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു.
ദുരന്തത്തില്‍ ജലവിഭവ വകുപ്പിന് ഗുരുതരമായ വീഴ്ചപറ്റി. വകുപ്പ് അറിയാതെ എങ്ങനെയാണ് അന്തര്‍സംസ്ഥാന കരാറിലുള്ള ഡാമുകള്‍ തമിഴ്‌നാട് തുറന്നുവിട്ടത്. തമിഴ്‌നാട് ഡാം തുറന്നുവിട്ടതോടെ പെരിങ്ങല്‍കുത്ത് നിറഞ്ഞൊഴുകി. അതോടെ ചാലക്കുടി മുങ്ങിപ്പോയി. പമ്പയില്‍ വെള്ളംപൊങ്ങിയതോടെ സമീപപ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. ഡാമില്ലാത്ത പാലായിലും കോട്ടയത്തും എങ്ങനെ വെള്ളംപൊങ്ങി എന്ന് വിമര്‍ശിക്കുന്നവരുണ്ട്. നല്ല മഴ ലഭിച്ചാല്‍ അവിടെ വെള്ളംപൊങ്ങുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ചെന്നിത്തല വിമര്‍ശനത്തിന് മറുപടി നല്‍കി.
കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിയാത്തതിന്റെ കാരണം തോട്ടപ്പള്ളി സ്പില്‍വേയില്‍ മണ്ണ നിറഞ്ഞതും തണ്ണീര്‍മുക്കം ബണ്ടിലെ മണ്ണ് നീക്കാത്തതുമാണ്. ഇതില്‍ നടപടിയുണ്ടാകാത്ത കാലത്തോളം കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകില്ലെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
വൈദ്യൂതി ബോര്‍ഡ് നാഥനില്ലാത്ത കളരിയാണ്. ദുരന്തമുണ്ടാക്കിയ ശേഷം സര്‍ക്കാരിപ്പോള്‍ രക്ഷകന്റെ റോള്‍ തേടുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് സുപ്രീം കോടതിയില്‍ പറയുന്ന സര്‍ക്കാര്‍ നിയമസഭയില്‍ പറയുന്നത് മഴപൊയ്തതുകൊണ്ടുമാണെന്ന്. ഇത് കേസില്‍ തമിഴ്‌നാടിന് ഗുണം ചെയ്യുന്ന വാദമാണ്. ദുരന്തത്തിന്റെ 75% പങ്ക് ഡാം തുറന്നതിലും 25% പങ്ക് മഴയ്ക്കുമാണെന്നും ചെന്നിത്തല പറഞ്ഞു.
ദുരന്ത നഷ്ടപരിഹാരം എത്രയും വേഗം നല്‍കുന്നതിന് െ്രെടബ്യൂണല്‍ ഉണ്ടാക്കണമെന്ന് ചെന്നിത്തല നിര്‍ദേശം ഉന്നയിച്ചു. അഞ്ചു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം. ഇതിനായി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണം. യു.എ.ഇയുടെയും ഐ.എം.എഫിന്റെയും ലോക്ബാങ്കില്‍ നിന്നും എ.ഡി.ബിയില്‍ നിന്നോ എവിടെ നിന്നൊക്കെ സഹായം കിട്ടിയാലും വാങ്ങണം. പ്രതിപക്ഷത്തുനിന്ന് ആരും കരിഓയില്‍ ഒഴിക്കാന്‍ വരില്ലെന്നും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























