ഇതാണ് ശരിക്കുള്ള ടീച്ചര്‍: വീട് നിറയെ സമ്മാനക്കിറ്റുമായ് കാത്തിരിക്കുകയാണ് കരീമഠം സ്‌കൂളിലെ ഈ ടീച്ചറമ്മ

തിരിച്ചു പിടിക്കാം കുരുന്നു മനസ്സിന്റെ ആത്മവിശ്വാസം. അതിനായി ഒരു ടീച്ചറിന്റെ കരുതല്‍. കോട്ടയത്തു നിന്നൊരു നല്ല വാര്‍ത്ത. ഒരു വീട് നിറയെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുമായി കാത്തിരിക്കുകയാണ് കരീമഠം യുപി സ്‌കൂളിലെ പ്രധാനാധ്യാപിക എ. കെ. സിന്ധു ടീച്ചര്‍. എന്റെ കുട്ടികള്‍ വിശന്നിരിക്കരുത്. കുട്ടികള്‍ വരുമ്പോള്‍ ഇല്ലായ്മകള്‍ അറിയരുത്. നല്ല മനസ്സുള്ള ടീച്ചറുമ്മാര്‍ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.
പ്രളയം വിഴുങ്ങിയ കരീമഠം പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്‌കൂളാണ് കരീമഠം വെല്‍ഫെയര്‍ യുപി സ്‌കൂള്‍. പ്രളയശേഷം ജില്ലയില്‍ തുറക്കാനുള്ള എക സ്‌കൂള്‍.
വിദേശത്തുള്ള സുഹൃത്തുക്കളില്‍ നിന്നും മറ്റു ബന്ധുമിത്രാദികളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും അരിയും പയര്‍ വര്‍ഗങ്ങളും അടങ്ങിയ സാധനങ്ങള്‍ കണിച്ചുകുളങ്ങരയിലെ തന്റെ വീട്ടില്‍ പായ്ക്ക് ചെയ്യുന്ന തീരക്കിലാണ് ടീച്ചര്‍.
കുട്ടികള്‍ വരുമ്പോള്‍ ഇല്ലായ്മകള്‍ അറിയരുത്. നിറഞ്ഞ മനസ്സോടെ വേണം പഠനം തുടരാന്‍. ആ കുരുന്നു മുഖങ്ങളിലെ പുഞ്ചിരി മായാതിരിക്കാന്‍ എന്തു ചെയ്യാനും ഞങ്ങള്‍ സന്നദ്ധരാണെന്ന് ടീച്ചര്‍ പറഞ്ഞു. സ്‌കൂളും പരിസര പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
സ്‌കൂളിലെ ആകെയുള്ള 34 കുട്ടികളും അവരുടെ കുടുംബങ്ങളും ചേര്‍ത്തലയിലും തൈക്കാട്ടുശ്ശേരിയിലുമുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കലുങ്കത്രയാറാലും തൊള്ളായിരം പാടശേഖരത്താലും ചുറ്റപ്പെട്ട ഒരു ചെറു തുരുത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
ആറ്റു തീരത്തു കൂടി മൂന്നു കിലോമീറ്ററോളം നടന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നത്. ബണ്ട് പൊട്ടിയും വെള്ളം കയറിയതിനാല്‍ സ്‌കൂളും പരിസരവും വെളളത്തിലായി. സ്‌കൂളിലെ മൂന്ന് മോട്ടോറുകളും വെള്ളത്തിനടിയിലായതിനാല്‍ വെള്ളം പമ്പ് ചെയ്ത് കളയാന്‍ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha























