ചെങ്ങന്നൂരിന്റ ശബ്ദം പൂർണ്ണമായി ഇല്ലാതായത് അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി ; നിയമസഭ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

പ്രളയദുരന്തം വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന നിയമസഭ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പ്രളയത്തിന് കാരണം സർക്കാർ അനാസ്ഥയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംഭവത്തിൽ സർക്കാരിനെ വിമർശനവുമായി ചെങ്ങന്നൂർ മുൻ എംഎൽഎ പിസി വിഷ്ണുനാഥ്. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് വിഷ്ണുനാഥിന്റെ പ്രതികരണം.
പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്‌പോസ്റ് ഇങ്ങനെ ;
കേരളത്തെ ആഴ്ചകളോളം പിടിച്ചുകുലുക്കിയ പ്രളയ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനമായിരുന്നല്ലോ ഇന്നലെ നടന്നത്. നിയമസഭ വിളിച്ചു കൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന വേളയിൽത്തന്നെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞത് ദുരിതം ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവക്കാനുള്ള ഒരവസരം നൽകാനാണ് സമ്മേളനം എന്നായിരുന്നുവല്ലോ. സ്വാഭാവികമായും നമ്മളെല്ലാം പ്രതീക്ഷിച്ചത് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച, നിരവധി വിലയേറിയ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട ചെങ്ങന്നൂർ, റാന്നി നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് ഈയവസരം പ്രയോജനപ്പെടുത്തി കാര്യങ്ങൾ നേരിട്ട് അവതരിപ്പിക്കാൻ കഴിയുമെന്നായിരുന്നു. എന്നാൽ സമ്മേളനത്തിൽ 40ലേറെ ജനപ്രതിനിധികൾ സംസാരിച്ചിട്ടും പ്രസംഗിക്കാനുളവരുടെ ലിസ്റ്റിൽ ചെങ്ങന്നൂർ എം.എൽ.എ.ശ്രീ സജി ചെറിയാന്റേയും റാന്നി എം.എൽ.എ ശ്രീ രാജു അബ്രഹാമിന്റേയും പേരുകൾ ഉൾപ്പെടാതെ പോയത് നമ്മെയെല്ലാം അത്ഭുതപ്പെടുത്തി.
ഓരോ പാർട്ടിക്കും നൽകുന്ന മൊത്തം സംസാര സമയത്തെ അംഗങ്ങൾക്കിടയിൽ വീതിച്ചു നൽകുന്നത് അതത് പാർട്ടികളാണ്. ആ നിലയിൽ ചെങ്ങന്നൂർ, റാന്നി എം.എൽ.എമാർ സംസാരിക്കേണ്ടതില്ല എന്നത് സി.പി.എം. പാർലമെന്ററി പാർട്ടി നേതൃത്വത്തിന്റെ തീരുമാനമാണ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. ആകെയുള്ള 22 എം.എൽ.എമാരിൽ 11 പേർക്കും പാർട്ടി സംസാരിക്കാൻ അവസരം നൽകി. ഏറെ നാശനഷ്ടങ്ങൾ നേരിട്ട എറണാകുളം ജില്ലയിൽ നിന്ന് വി.ഡി.സതീശൻ, ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവർ പ്രസംഗിച്ചു.
മറ്റ് ഏഴ് പേരെ തെരഞ്ഞെടുത്തത് ഏഴ് ജില്ലകളിൽ നിന്നായിരുന്നു. കോട്ടയത്തു നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ നിന്ന് അടൂർ പ്രകാശ്, പാലക്കാട് നിന്ന് ഷാഫി പറമ്പിൽ, മലപ്പുറത്തു നിന്ന് എ.പി.അനിൽകുമാർ, വയനാട് നിന്ന് ഐ.സി.ബാലകൃഷ്ണൻ, കണ്ണൂരിൽ നിന്ന് സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. ചർച്ചക്കിടെ ഇടപെട്ട് സ്വന്തം മണ്ഡലങ്ങളിലെ കാര്യം പറയാൻ വി.ടി.ബൽറാമിനും അനിൽ അക്കരക്കും സാധിച്ചു.
ആലപ്പുഴ ജില്ലയിലേയും സംസ്ഥാനത്തെ പൊതുവിലേയും ദുരന്തചിത്രം സമഗ്രമായി അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയും സഭയുടെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഈ ചർച്ചയിൽ ചെങ്ങന്നൂരിന്റ ശബ്ദം പൂർണ്ണമായി ഇല്ലാതായത് അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി. പ്രാതിനിധ്യ ജനാധിപത്യത്തിൽ ഒരു നാടിനെയാണ് ജനപ്രതിനിധി പ്രതിനിധീകരിക്കുന്നത്. ആ നിലക്ക് സംസാരിക്കാൻ അവസരം നൽകാതെ ശ്രീ. സജി ചെറിയാനെയല്ല, ചെങ്ങന്നൂരിലെ ജനങ്ങളെയാണ് സി പി എം നിശബ്ദരാക്കിയിരിക്കുന്നത്.
കോൺഗ്രസിനേക്കാൾ ഇരട്ടിയിലധികം സമയം സി പി എം അംഗങ്ങൾക്ക് സംസാരിക്കാനായി ലഭിക്കുമെങ്കിലും അതിൽ നിന്ന് ഒരു രണ്ട് മിനിറ്റ് വീതമെങ്കിലും ചെങ്ങന്നൂർ, റാന്നി എം എൽ എ മാർക്ക് നൽകാമായിരുന്നു. ഇവരെ പാർട്ടി മാറ്റിനിർത്തിയതാണോ അതോ ഇവർ സ്വയം മാറി നിന്നതാണോ എന്നറിയാൻ ചെങ്ങന്നൂരിലേയും റാന്നിയിലേയുമൊക്കെ ജനങ്ങൾക്ക് അവകാശമുണ്ട്, അത് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സി പി എമ്മിനുമുണ്ട്.
പ്രളയ തീവ്രതയുടെ നാളുകളിൽ സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രിക്ക് ഇവരോടുള്ള നീരസമാണ് സമയമനുവദിക്കാതിരിക്കാനുള്ള കാരണം എന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരത്തുക കുറച്ചു കൂടി വർദ്ധിപ്പിക്കണമെന്ന സദുദ്ദേശ്യത്തോടെയുള്ള വിമർശനം ഉന്നയിച്ച ഭരണപക്ഷത്തെത്തന്നെ യുവ അംഗമായ മൂവാറ്റുപുഴ എം എൽ എ യോട് മുഖ്യമന്ത്രി ചാടിയെഴുന്നേറ്റ് സ്വരം കനപ്പിച്ചത് നാമെല്ലാം കണ്ട സ്ഥിതിക്ക് മാധ്യമങ്ങളുടെ ആ ഊഹം ശരിയാകാനാണ് സാദ്ധ്യത.
എന്നാൽ ചെങ്ങന്നൂർ, റാന്നി എംഎൽഎമാർ സ്വയം മാറി നിന്നതാവാനും സാധ്യതയുണ്ട്. ഇവർക്കും അവസരം നൽകിയിരുന്നുവെങ്കിലും സർക്കാരിന് അപ്രിയകരമായ ഒരു വാക്ക് പോലും അവരിൽ നിന്നുണ്ടാകുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ദുരന്തമുഖത്ത് അപ്പോഴത്തെ ആത്മാർത്ഥതയിൽ അവർ സർക്കാർ സംവിധാനങ്ങളുടെ പരാജയത്തേക്കുറിച്ചുള്ള സത്യം പറഞ്ഞു എങ്കിലും പാർട്ടി നേതൃത്വത്തിന്റെ പ്രേരണയാലാവാം, പിന്നീട് അതിൽ നിന്ന് ഉൾവലിയുന്നതായാണ് നമ്മളൊക്കെ കണ്ടത്.
ആദ്യം പറഞ്ഞതിനൊക്കെ വിരുദ്ധമായി നിയമസഭയിൽ വീണ്ടും സർക്കാരിനെ ന്യായീകരിച്ചും മറ്റെല്ലാ ഭരണപക്ഷക്കാരേയും പോലെ മുഖ്യമന്ത്രിയെ പുകഴ്ത്തിയും സംസാരിക്കേണ്ടി വരുന്നതിലെ ജാള്യത ഓർത്താവാം അവർ സ്വയം പിന്മാറിയത്. ചർച്ചക്കിടെ റാന്നി എംഎൽഎ രാജു അബ്രഹാമിന് എഴുന്നേറ്റ് നിന്ന് താൻ പണ്ട് പറഞ്ഞതിനെയെല്ലാം നിഷേധിച്ചുകൊണ്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടും വിശദീകരണം നൽകേണ്ടി വന്നു എന്നതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു.
ഏതായാലും ഇന്നലത്തെ ചർച്ച കഴിഞ്ഞപ്പോൾ ഒരു കാര്യം മലയാളികൾക്ക് ബോധ്യമായി. ഈ പ്രളയദുരന്തം പ്രകൃതി നിർമ്മിതമെന്നതിനേക്കാളുപരി സർക്കാർ നിർമ്മിതമാണ്. യാതൊരു ആസൂത്രണവുമില്ലാതെ, ജനങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകാതെ ഡാമുകളെല്ലാം ഒരുമിച്ച് തുറന്നുവിട്ട് ജലസേചന വകുപ്പും കെഎസ്ഇബിയും കൂടി സൃഷ്ടിച്ചതാണ് ഇത്ര വലിയ ദുരന്തം. കൃത്യമായ മുന്നൊരുക്കങ്ങൾ സർക്കാർ തലത്തിൽ നടന്നിരുന്നുവെങ്കിൽ ഒരുപാട് നാശനഷ്ടങ്ങൾ ഒഴിവാക്കാനാവുമായിരുന്നു. ജനപ്രതിനിധികളുടെ വായ് മൂടിക്കെട്ടിയതുകൊണ്ടു മാത്രം ഈ യാഥാർത്ഥ്യം അധികകാലം മൂടി വക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha




















