കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ അരങ്ങേറിയത് നിരവധി കൊലക്കേസുകള്‍; മലപ്പുറത്തെ സാജിദിന്റെ സദാചാരക്കൊല കേരളത്തിന് അപമാനം; തല്ലിച്ചതക്കുന്നതും കൂട്ടമായി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നവര്‍ സാഡിസ്റ്റുകള്‍

അട്ടപ്പാടിയിലെ മധുവിന്റെ കൊല കേരളം വളരെയേറെ ചര്‍ച്ച ചെയ്തിരുന്നു. ഒരു നേരത്തെ വിശപ്പകറ്റാന്‍ ചെയ്ത മോഷണത്തിന് ആള്‍ക്കൂട്ടം മധുവിനെ അടിച്ചു കൊന്നു. കോഴി മോഷണം ആരോപിച്ച് കൊല്ലത്ത് അന്യസംസ്ഥാന യുവാവിനെ ആള്‍ക്കൂട്ടം കൊന്നു. ഈ പാവങ്ങളുടെ ചോര വീണ കേരളം പിന്നീട് നേരിട്ടത് മഹാപ്രളയമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുമായി നടന്ന കേരളത്തിന് അഹങ്കരിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് അടുത്തിടെ നടന്ന പ്രളയം കാണിച്ചു തന്നു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളം നേരിട്ടത്. അതില്‍ നിന്നും കേരളം ഒറ്റക്കെട്ടായി കരകയറുകയാണ്. പ്രളയത്തിനിടെ ജാതിമത ചിന്തകളോ രാഷ്ട്രീയമോ ഒന്നുമില്ലായിരുന്നു എല്ലായിടത്തും ജീവനായുള്ള നിലവിളിയായിരുന്നു. ഒരു പായ്ക്കറ്റ് ബ്രെഡ്ഡിനും ഒരു കുപ്പിവെള്ളത്തിനുമായി മനുഷ്യന്‍ ദിവസങ്ങളോളം കെട്ടിടത്തിന്റെ മുകളില്‍ കാത്തിരുന്നു. അതിനിടെ ആ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളം ഒറ്റക്കെട്ടായി പടപൊരുതുന്നതും നാം കണ്ടു. ഒപ്പം കുറേ നല്ല മനസ്സുകളെയും പ്രളയം കേരളത്തിന് പരിചയപ്പെടുത്തി. പ്രളയം കഴിഞ്ഞതോടെ കേരളത്തില്‍ വീണ്ടും വിഷവിത്തുകള്‍ തലപൊക്കുകയാണ്. സദചാര ഗുണ്ടായിസം ശുദ്ധ തെമ്മാടിത്തമാണ്. മലപ്പുറത്തെ സാജിദിന്റെ സദാചാരക്കൊല അത്യന്തം ഹീനമാണ്. കേരള മനസാക്ഷി ഉണരേണ്ട സംഭവമാണിത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ കേരളത്തില്‍ അരങ്ങേറിയത് നിരവധി കൊലക്കേസുകളാണ്.
കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും വിശദമായി കുറിപ്പെഴുതിവച്ച ശേഷമാണ് സാജിദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തെങ്കിലും കുറ്റവാളി കളെ മാതൃകാ പരമായി ശിക്ഷിക്കണം. യുവാവിനെ പശുവിനെ കെട്ടുന്ന കയറെടുത്ത് കെട്ടിയിട്ട് അടിക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ജീവിതം ആകെ അവതാളത്തിലായി. സഹികെട്ട് സാജിദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉത്തരേന്ത്യയെക്കാള്‍ കിരാതമാണിന്ന് കേരളം. സാജിദിന്റെ കുറിപ്പ് പോലീസ് പിടിവള്ളിയാക്കിയാല്‍ മര്‍ദ്ദിച്ചവര്‍ കുടുങ്ങും. തിരൂരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. സാജിദിന്റെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
സാജിദിനെ കെട്ടിയിട്ട ആളുകള്‍, സാജിദ് അതിക്രമിച്ച് കയറിയെന്നാരോപിക്കുന്ന വീട്ടുടമസ്ഥന്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. സമൂഹമ മാധ്യമങ്ങള്‍ വഴി സാജിദിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച മനോവിഷമത്തെ തുടര്‍ന്ന് മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് വെളളിയാഴ്ച രാത്രിയാണ് തൂങ്ങിമരിക്കുന്നത്. ആത്മഹത്യക്ക് മുമ്പ് കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും സാജിദ് വിശദമായി കുറിപ്പെഴുതിവച്ചിരുന്നു. എങ്കിലും പോലീസിന് അങ്ങാപ്പാറ നയമാണ്. ഇതാണ് ഇക്കൂട്ടര്‍ക്ക് വളമാകുന്നതും.
അതേ... തികച്ചും അസൂയയില്‍ നിന്നുമാണ് ഒരു സദാചാര പോലീസ് ജനിക്കുന്നത്. നാട്ടില്‍ സദാചാരം പുലരണമെന്ന നിര്‍ബന്ധമല്ല. തനിക്ക് കിട്ടാത്തത് മറ്റൊരുവന് കിട്ടുന്നതിലുള്ള വെറും കൊതിക്കെറുവും അസൂയയും മാത്രമാണ് ഈ ഗുണ്ടായിസത്തിന് പിന്നിലെ ചേതോവികാരം.
ആറ് വര്‍ഷം മുമ്പ് കോഴിക്കോട് കൊടിയത്തൂരില്‍ സദാചാര ഗുണ്ടകള്‍ ഒരു യുവാവിന തല്ലിക്കൊന്നത് വാര്‍ത്തയായിരുന്നു. തൃശൂരില്‍ മറ്റൊരാളെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചതും കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയതും സമീപകാല സംഭവങ്ങള്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഒരു സംഘം സദാചാര ഗുണ്ടകള്‍ ചൂരല്‍വടി കൊണ്ട് അടിച്ച് ഓടിച്ച സംഭവമം കേരളത്തിന് നാണക്കേടാണ്.
അയലത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കുന്നവനെയും മാങ്ങയും തേങ്ങയും മോഷ്ടിക്കാന്‍ കയറുന്നവനെയും കെട്ടിയിട്ട് തല്ലുന്ന ഒരു രീതി പണ്ടുകാലത്ത് ഉണ്ടായിരുന്നു. അത്തരത്തിലുള്ള പഴയ സദാചാര വാദത്തില്‍ മതവും രാഷ്ട്രീയവും അല്‍പ്പം അസൂയയും (തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് കിട്ടുന്നു) ഇടപെടാന്‍ തുടങ്ങിയതു മുതല്‍ക്കാണ് 'സദാചാര പോലീസ്' അല്ലെങ്കില്‍ ഗുണ്ട എന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നതെന്നു തോന്നുന്നു. എന്തായാലും സമ്പൂണ്ണ സാക്ഷരത നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇപ്പോള്‍ ഇക്കൂട്ടരുടെ വിലസല്‍. എന്നാല്‍, ഇടപെടുന്നത് ഒരു വിഷയത്തില്‍ മാത്രം. മുന്‍പ് പറഞ്ഞതുപോലെ ആണും പെണ്ണും ഒന്നിച്ച് ഇരിക്കരുത്...നടക്കരുത്. അത് അമ്മയും മകനുമോ, ഭാര്യയോ ഭര്‍ത്താവോ, സഹോദരനും സഹോദരിയുമോ, കാമുകനും കാമുകിയോ ആരും ആയിക്കൊള്ളട്ടേ. ഒന്നിച്ച് ഇക്കൂട്ടരുടെ മുന്നില്‍ പെട്ടാല്‍ തല്ല് ഉറപ്പ് എന്നതാണ് ചരിത്രം. ഇവരെ എവിടെ കണ്ടുമുട്ടുമെന്ന കാര്യത്തിലും ഒരു നിശ്ചയവുമില്ല.
സദാചാര പോലീസ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരെ അതിക്രമികളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു പൗരന് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം സംഘം ചേര്‍ന്ന് തടയുന്നത് നിയമവിരുദ്ധമാണ്. ഇനി ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാണെങ്കില്‍ 'സദാചാരം' എന്ന വാക്കിനെ മലിനമാക്കുന്നവര്‍ ആരോ അവരാണ് 'സദാചാര പോലീസ്' അല്ലെങ്കില്‍ ഗുണ്ട എന്ന് പറയേണ്ടി വരും.
മനുഷ്യന്റെ ജീവനെടുക്കുന്ന നിലയിലേക്ക് സദാചാര ഗുണ്ടായിസം ഇന്ന് വളര്‍ന്ന് കഴിഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരെ നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഒപ്പം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്നുള്ള സദാചാര പോലീസിങ്ങിനും സര്‍ക്കാര്‍ കടിഞ്ഞാണിടണം. ഇല്ലെങ്കില്‍ ഈ ഗുണ്ടകളെ ഭയന്നിട്ട് സഹോദരിയുമായോ അമ്മയുമായോ പോലും പുറത്തിറങ്ങാനാകാത്ത നാടായി കേരളം മാറും.
സാജിദിന്റെ വീട്ടുകാരുടെ പരാതിയിന്‍മേല്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്സടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണയ്ക്ക് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. സാജിദിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ഇന്നുതന്നെ അന്വേഷണ സംഘം മൊഴിയെടുക്കും. മര്‍ദ്ദിച്ചവരെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കേസ്സെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്ന ആക്ഷേപം സാജിദിന്റെ വീട്ടുകാര്‍ക്കുണ്ട്. പ്രളയം കഴിഞ്ഞതോടെ നാട്ടില്‍ സദാചാരക്കാര്‍ ഇറങ്ങി. ഇത്തരക്കാരെ നേരിടാന്‍ നാട്ടിലെ നല്ല യുവാക്കള്‍ ഉണരേണ്ടതാണ്.
https://www.facebook.com/Malayalivartha




















