എന്തിനായിരുന്നു ആ പ്രത്യേക നിയമസഭാ സമ്മേളനം: ദുരന്തം നേരിടാന്‍ പണം പിരിക്കുന്ന സര്‍ക്കാര്‍ തുകയെല്ലാം പുട്ടടിക്കുമോ: ക്രിയാത്മക നിര്‍ദേശങ്ങളൊന്നുമില്ലാതിരുന്ന സമ്മേളനത്തിന്റെ ചിലവ് 25 ലക്ഷം

മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് നവ കേരളം കെട്ടിപ്പെടുക്കാന്‍ എത്തിക്കോണ്ടിരിക്കുന്നത്. ആ തുക ഒരു കാരണവശാലും ധൂര്‍ത്തടിക്കാന്‍ പാടില്ലെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഓഖി ദുരിതാശ്വാസത്തില്‍ നിന്നും മുഖ്യന്‍ വിമാനയാത്ര നടത്തിയത് വിവാദമായിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്നും ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കിയതിന് ജസ്റ്റിസ് കമാല്‍പാഷ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മറ്റൊരു ധൂര്‍ത്താണ് ഇപ്പോള്‍ പുരത്തുവന്നിരിക്കുന്നത്.
പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാരിനു ചെലവ് 25 ലക്ഷം രൂപ. ഒരു പ്രമേയം പാസാക്കിയെന്നല്ലാതെ ക്രിയാത്മക നിര്‍ദേശങ്ങളൊന്നും ഉയരാത്ത സമ്മേളനത്തില്‍ പങ്കെടുത്തതിന് എംഎല്‍എമാര്‍ക്ക് ഒന്നല്ല, മൂന്നു ദിവസത്തെ സിറ്റിങ് ഫീസും നല്‍കുന്നു; യാത്രാബത്ത വേറെയും. 13,000 രൂപ വരെ യാത്രാബത്തയായി മാത്രം ലഭിക്കുന്ന എംഎല്‍എമാരുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്ത ഇനത്തില്‍ ചെലവാക്കുക.
തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാര്‍ക്കു സിറ്റിങ് ഫീസായി 1000 രൂപ നല്‍കുമ്പോള്‍ മറ്റു ജില്ലക്കാര്‍ക്കു കിട്ടുന്നത് 3000 രൂപ. ഒരു ദിവസമാണു സമ്മേളനമെങ്കിലും മറ്റു ജില്ലക്കാര്‍ക്കു മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നല്‍കുന്ന വിചിത്രമായ കീഴ്‌വഴക്കമുള്ളതിനാല്‍ ആ ഇനത്തില്‍ മാത്രം ആകെ മൂന്നേകാല്‍ ലക്ഷം രൂപ നല്‍കണം. നിയമസഭാ ജീവനക്കാര്‍, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 1500 ജീവനക്കാര്‍ക്ക് 235 രൂപ മുതല്‍ 265 രൂപ വരെ ഓവര്‍ടൈം അലവന്‍സും നല്‍കുന്നു. ഈയിനത്തില്‍ മാത്രം മൂന്നു ലക്ഷത്തോളമാണു ചെലവ്.
സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എട്ടേമുക്കാര്‍ മണിക്കൂര്‍ നടത്തിയ സമ്മേളനത്തില്‍ പക്ഷേ, തികഞ്ഞ ലാഘവത്തോടെയായിരുന്നു പലരുടെയും പ്രസംഗം. മണ്ടത്തരങ്ങളും ചിലര്‍ എഴുന്നള്ളിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയുമില്ല.
വൈദ്യുതി, എസി, ശുദ്ധജലം തുടങ്ങിയവയ്ക്കായി ദിവസം ശരാശരി അഞ്ചുലക്ഷം രൂപയും വേണ്ടിവരും. മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നിയമസഭയില്‍ എത്തുന്നതിനായി ചെലവിടുന്ന ഇന്ധനവും സമയവും വേറെ.
പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയയ്ക്കുന്നതിനായി സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്‌ചെലവുകള്‍. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഒഴികെയുള്ള 118 അംഗങ്ങള്‍ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോള്‍ കിലോമീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നല്‍കുന്നത്.
https://www.facebook.com/Malayalivartha




















