"ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്ര പാടില്ല, പോകുമ്പോൾ തന്റെ അനുവാദം വാങ്ങിയിരിക്കണം"; "അധികാരത്തിലെത്തിയാല്‍ ബന്ധുക്കള്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തുമെങ്കിലും അവരെ നിയന്ത്രിക്കേണ്ടത് പ്രധാനം"; ബിജെപി മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ മാസം നടന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പുകളില്‍നിന്നും ഭരണത്തില്‍നിന്നും ബന്ധുക്കളെ അകറ്റിനിര്‍ത്തണമെന്നും വിദേശയാത്രകൾ പോകുമ്പോൾ തന്റെ അനുവാദം വാങ്ങിയിരിക്കണമെന്നും മോദി നിര്‍ദേശിച്ചു.
അധികാരത്തിലെത്തിയാല്‍ ബന്ധുക്കള്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തുമെങ്കിലും അവരെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായ നമ്മളുടെ രാഷ്ട്രീയ ആക്രമണത്തിന്റെ പ്രഹരശേഷി കുറയും- മോദി പറഞ്ഞതായി ബിജെപി നേതാക്കള്‍ പറയുന്നു.
ഇതിന് ഉദാഹരണമായി രണ്ടു ദശാബ്ദം മുന്‍പ് മധ്യപ്രദേശിലുണ്ടായ ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയം മോദി ചൂണ്ടിക്കാട്ടിയെന്നും ഇവര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്ര പാടില്ല, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്സനല്‍ സ്റ്റാഫില്‍ ബന്ധുക്കള്‍ പാടില്ല, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്, മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണം എന്നിങ്ങനെ നിര്‍ദേശങ്ങളും മോദി പങ്കുവച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ബിജെപി നേതാക്കള്‍ക്കു കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























