ചാരക്കേസിലുള്ള സുപ്രീം കോടതി വിധി പുറത്തു വരുമ്പോഴും കരുണാകരന്റെ രണ്ട് മക്കൾ രണ്ടറ്റത്ത്... അച്ഛനെ കുടുക്കിയവർക്കെതിരെ ശക്തമായ നിലപാടുമായി പത്മജ; വരാനിരിക്കുന്ന വലിയ സ്ഥാനം മോഹിച്ച് എല്ലാം ഉള്ളിലൊതുക്കി കെ.മുരളീധരൻ... സാഹചര്യം മുതലെടുത്ത് പ്രവർത്തിച്ച് ചെന്നിത്തല

ചാരക്കേസിലുള്ള സുപ്രീം കോടതി വിധി പുറത്തു വരുമ്പോഴും കരുണാകരന്റെ രണ്ട് മക്കൾ രണ്ടറ്റത്. ആകാശത്തിരുന്ന് രാഷ്ട്രീയ ഭീഷ്മാചാര്യൻ മക്കളെയോർത്ത് ഇപ്പോഴും ദു:ഖിക്കുകയായിരിക്കും. അല്ലെങ്കിലും മരിക്കുന്നത് വരെയും മക്കളായിരുന്നു അദ്ദേഹത്തിന്റെ ഭാരം.
പത്മജ വേണുഗോപാൽ കോൺഗ്രസിലെ എ ഗ്രൂപ്പ് മാനേജർ മാർക്കെതിരെ രംഗത്ത് വന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിൽ സ്വതന്ത്രനായി വിരാജിക്കുന്ന മുരളി അൽഷിമേഴ്സ് ബാധിതനെ പോലെ അഭിനയിച്ചു. വിധി വരുമ്പോൾ ഉമ്മൻ ചാണ്ടിക്ക് മുരളിയുടെ പ്രതികരണത്തെ കുറിച്ച് ഭയമുണ്ടായിരുന്നു. എന്നാൽ മുരളിയുടേത് പൊട്ടാത്ത പടക്കമായി മാറി.
പത്മജ വേണുഗോപാൽ വിധി വന്നയുടൻ തന്നെ പ്രതികരണവുമായെത്തി. ഉമ്മൻ ചാണ്ടിക്കും ഹസനും ഷാനവാസിനുമെതിരെ അവർ ഒളിയമ്പയ്തു. അഞ്ചു ഗ്രൂപ്പ് മാനേജർമാരാണ് സംഭവത്തിന് പിന്നിലെന്നും അവർ അഞ്ചു പേരും ഇപ്പോഴും സജീവമാണെന്നുമായിരുന്നു മറുപടി. എന്നാൽ മുരളി വീണ്ടും പരിഹാസ്യനായി.
ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്ന് പോകാതിരിക്കാനാണ് മുരളി ശ്രമിച്ചത്. മുരളിക്ക് ഇപ്പോൾ മരിച്ച അഛനല്ല സ്വന്തം രാഷ്ട്രീയ ഭാവിയാണ് വലുത്. പത്മജക്ക് അതല്ല ലക്ഷ്യം. പത്മജ രാഷ്ട്രീയത്തിൽ സജീവമല്ല. അവർക്കെന്തെങ്കിലും സ്ഥാനം ലഭിക്കുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം തുറന്നു പറയാൻ പത്മജക്ക് മടിയില്ല.
മുരളി കേരള രാഷ്ട്രീയത്തിൽ ഉന്നതമായ ഒരു സ്ഥാനമാണ് ലക്ഷ്യമിടുന്നത്. അത് ചാണ്ടിയുടെ ബി ടീമായി തുടരുക എന്നതല്ല. പകരം ഉമ്മൻ ചാണ്ടിയെ വെട്ടി അദ്ദേഹത്തിന് മുകളിൽ കളിക്കുക എന്നതാണ്. കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി ഏതാണ്ട് ഔട്ടായ മട്ടിലാണ്.
ചെന്നിത്തലയാണ് ഒരു ഗ്രൂപ്പിന്റെ നേതാവ്. ഫലത്തിൽ ഒരു ഗ്രൂപ്പ് മാത്രമാണ് കേരളത്തിൽ ശക്തം. ഐ ഗ്രൂപ്പിൽ തന്നെയാണ് മുരളി ഇപ്പോഴുള്ളതെങ്കിലും എ ഗ്രൂപ്പിന്റെ നേതൃത്വമാണ് ലക്ഷ്യം. എ ഗ്രൂപ്പാകട്ടെ നേതാവില്ലാതെ വിഷമിക്കുകയാണ്. തിരുവഞ്ചൂരിന്റെയും കെ സി ജോസഫിന്റെയും കൈയിൽ എ ഗ്രൂപ്പ് നിൽക്കുന്നില്ല. അതേസമയം ചെന്നിത്തലയില്ലെങ്കിലും ഐ ഗ്രൂപ്പിന് ഒന്നും സംഭവിക്കില്ല. കാരണം വി ഡി സതീശൻ ഐ ഗ്രൂപ്പ് നേതാവായി രംഗത്ത് സജീവമാണ്.
ഇതോടെ പത്മജ ചിലപ്പോൾ കേരള രാഷ്ട്രീയത്തിൽ സജീവമായേക്കാം. ചെന്നിത്തല അതിനായി ശ്രമിച്ചെന്നിരിക്കും. ചാരക്കേസിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ പോകുന്ന നേതാവ് ചെന്നിത്തലയായിരിക്കും. കരുണാകരന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കി കൊണ്ടായിരിക്കും അദ്ദേഹം രംഗത്തെത്തുക. മുരളിയുടെ യഥാർത്ഥ നിലപാട് നന്നായി അറിയുന്നയാളാണ് ചെന്നിത്തല.
മുരളിയും പത്മജയും മാനസികമായി നല്ല ബന്ധത്തിലല്ല. ഇരുവരും തമ്മിലുള്ള അകൽച്ച അവരുടെ നിലപാടുകളിൽ നിന്നും മനസിലാക്കാം. മാങ്ങയാണോ അണ്ടിയാണോ മൂത്ത തെന്ന തർക്കമാണ് ഇരുവരും തമ്മിലുള്ളത്.
https://www.facebook.com/Malayalivartha
























