കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും, പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നാണ് തീരുമാനം, തീര്‍ത്ഥാടകരുടെ വന്‍ തിരക്കുണ്ടാകാന്‍ സാധ്യത

ശബരിമലയില്‍ ഇന്ന് കന്നിമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ വലിയ തിരക്കുണ്ടാകാന്‍ സാധ്യത. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ മാസപൂജക്ക് തീര്‍ഥാടകര്‍ക്ക് ശബരിമലയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അക്കാരണത്താല്‍ ഇന്ന് നട തുറക്കുന്നതോടെ തീര്‍ഥാടകരുടെ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. പമ്പയിലേക്ക് സ്വാകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് മാത്രമേ അനുവദിക്കൂ. ചെയിന്‍ സര്‍വിസിന് 60 ബസ് അനുവദിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇന്നലെ രാത്രി വരെ 10 ബസ് മാത്രമാണ് എത്തിയത്. ചെയിന്‍ സര്‍വിസിനായി കൂടുതല്‍ ബസുകള്‍ എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും.
നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ശൗചാലയം, വാഹന പാര്‍ക്കിങ് സൗകര്യങ്ങളുടെ അഭാവം എന്നിവ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ചിങ്ങമാസ പൂജ സമയത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാ ത്രിവേണി പൂര്‍ണമായും മുങ്ങിയിരുന്നു. ഇതോടെ നിറപുത്തരിക്കും ചിങ്ങമാസ പൂജകള്‍ക്കും അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല. അന്ന് വരാന്‍ കഴിയാതിരുന്നവര്‍ കൂടി ഇപ്പോള്‍ എത്തുമെന്നാണ് കരുതുന്നത്. പ്രളയത്തില്‍ മണ്ണിനടിയില്‍ മുങ്ങിയ ത്രിവേണിയിലെ പാലങ്ങള്‍ കണ്ടെടുത്തതോടെയാണ് അയ്യപ്പഭക്തര്‍ക്ക് പാലം കടന്ന് സന്നിധാനത്തേക്ക് പോകാന്‍ കഴിയുന്നത്. ഇപ്പോള്‍ പമ്പയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, ചളിയും മണ്ണും നിറഞ്ഞ് കിടക്കുന്നതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടവും സംഭവിക്കാം. ഇവിടത്തെ കടകള്‍ എല്ലാം തകര്‍ന്നതോടെ ഭക്ഷണവും വെള്ളവും കിട്ടാന്‍ വലിയ പ്രയാസം നേരിടും. ശൗചാലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നതോടെ താല്‍ക്കാലിക ബയോടോയ്‌ലറ്റുകളെ വേണം ഇനി ആശ്രയിക്കേണ്ടത്. ഇത് കുറെയെണ്ണം കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് കുടിവെള്ളത്തിനും ക്ഷാമമായിട്ടുണ്ട്. കുന്നാര്‍ ഡാമിലെ കല്ലും മണ്ണും പൂര്‍ണമായും മാറ്റിയാലേ വെള്ളം സന്നിധാനത്തേക്ക് എത്തിക്കാനും കഴിയൂ.
https://www.facebook.com/Malayalivartha



























