തോറ്റവരെ തന്നെ തോല്‍വി ഏറ്റുവാങ്ങാന്‍ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള; കുടുംബ സ്വത്തായി കണ്ട് കാലാകാലങ്ങളില്‍ മത്സരിക്കുന്ന നേതാക്കന്‍മാരെ മാറ്റി നിര്‍ത്താനുള്ള ശ്രമം വിജയിച്ചാല്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം വരും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതു പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടി സംസ്ഥാന ബിജെപി നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ബിജെപി. ഇതു പ്രകാരം രണ്ടിലധികം തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സംസ്ഥാന ഘടകം റിപ്പോര്‍ട്ട് നല്‍കി. ജനപ്രിയ മുഖങ്ങള്‍ക്ക് അവസരം നല്‍കി മികച്ച മത്സരം കാഴ്ചവയ്ക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം.
അതുകൊണ്ടു തന്നെ ഭാരവാഹി പട്ടികയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പാലിച്ച സമവായ നീക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടാവാനിടയില്ലെന്നാണു സൂചന. കാലങ്ങളായി നേതാക്കള്‍ കയ്യടക്കിയിരുന്ന സീറ്റുകള്‍ പിടിച്ചെടുത്ത് പുതുമുഖങ്ങള്‍ക്ക് നല്‍കാനാണ് ശ്രീധരന്‍ പിള്ളയുടെ നീക്കം. അങ്ങനെ എങ്കില്‍ കാസര്‍ഗോഡ് സീറ്റ് കെ.സുരേന്ദ്രനു നഷ്ടമാകും.
മലബാറിലും ജനങ്ങള്‍ക്ക് സ്വീകാര്യമായ പൊതുസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുളള നീക്കമാണുള്ളത്. അങ്ങനെയായാല്‍ കോഴിക്കോട് നോട്ടമിട്ട മുരളീധരന്‍ ഗ്രൂപ്പിലെ രഘുനാഥിനും സീറ്റ് കിട്ടാനിടയില്ല. കൂടാതെ മുരളീധരനോട് അടുപ്പമുള്ള സി.കൃഷ്ണകുമാറിനു പാലക്കാട് സീറ്റും കിട്ടിയേക്കില്ല.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള മുരളീധരന്‍ ഗ്രൂപ്പിന്റെ ചാരടുവലികള്‍ പകുതിവഴിക്കു പാളിയ സാഹചര്യത്തില്‍ ഗ്രുപ്പിലെ മറ്റു നേതാക്കള്‍ക്കു സീറ്റുകുടി നിഷേധിക്കപ്പെട്ടാല്‍ വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് വിലയിരുത്തല്‍. തര്‍ക്കം കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തിയാല്‍ സമവായമുണ്ടാകുമെന്നാണ് മുരളീധര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനും ധാരണയായി. ആര്‍എസ്എസിന്റെ നിര്‍ദേശമായതിനാല്‍ കുമ്മനത്തിനെതിരേ പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുണ്ടാകില്ല എന്നാണ് കരുതുന്നത്. ആലപ്പുഴയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ തുഷാര്‍ മറുപടി നല്‍കിയിട്ടില്ല. ഇതുള്‍പ്പെടെ എട്ടു സീറ്റുകള്‍ ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചെണ്ണം നല്‍കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha



























