ചലച്ചിത്ര അക്കാഡമിയെക്കൊണ്ട് സര്‍ക്കാര്‍ ചുടുചോറ് വാരിക്കുന്നു; കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇക്കുറി ആശയക്കുഴപ്പങ്ങള്‍കൊണ്ട് കുളമാകുന്നു

കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇക്കുറി ആശയക്കുഴപ്പങ്ങള്‍കൊണ്ട് കുളമാകുന്നു. സര്‍ക്കാര്‍ ഫണ്ടു നല്കില്ലെന്നറിയിച്ചതോടെ ചലച്ചിത്ര പ്രവര്‍ത്തകരും അക്കാഡമി ഭാരവാഹികളും കൂടിയാലോചിച്ച് സ്വന്തം നിലയില്‍ മേള നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
അതനുസരിച്ച് പതിനായിരം ഡലിഗേറ്റ് പാസു വില്‍ക്കാനും, അതുവഴി 2 കോടി സംഘടിപ്പിക്കുവാനും, ആവശ്യമായ ബാക്കി ഒന്നരക്കോടി സ്‌പോണ്‍സര്‍ഷിപ് ഇനത്തിലും കണ്ടെത്തുവാനുമായിരുന്നു തീരുമാനം. എന്നാല്‍ പാസു വിറ്റു ലഭിക്കുന്ന രണ്ടുകോടി രൂപയില്‍ നാല്‍പത്തിയാറു ലക്ഷം ജി.എസ്.ടി. യായി നല്‌കേണ്ടിവരും എന്ന് അക്കാദമി ഭാരവാഹികളാരും ഓര്‍ത്തില്ല. ഇപ്പോള്‍ വിദഗ്ധര്‍ ഇത്തരമൊരപകടം പറഞ്ഞതോടെ വീണ്ടും പൊല്ലാപ്പിലായി. അങ്ങനെയെങ്കില്‍ ജി.എസ്.ടി. കൂടി കൂട്ടിയ തുക പാസിന് ഈടാക്കാം എന്നാണ് ഒരു ചിന്ത. ഒരു പാസിന് രണ്ടായിരത്തി അറുന്നൂറ് രൂപ വച്ചാല്‍ പതിനായിരം പാസ് ചെലവാകുമോ എന്നാണ് അടുത്ത വേവലാതി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു ആഘോഷമല്ലെന്നും, ഇതൊരു അക്കാഡമിക് പ്രോഗ്രാമാണെന്നും, അന്താരാഷ്ട്ര തലത്തിലുള്ള സാംസ്‌കാരിക ആശയവിനിമയമാണ് ലക്ഷ്യമാക്കുന്നതെന്നും ഈ മേഖലയിലെ പ്രഗത്ഭര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ബാലന്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയോ, ധനകാര്യ മന്ത്രിയെയോ പറഞ്ഞു ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇത്തരം ആഘോഷങ്ങള്‍ക്ക് പണം നല്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്.സിനിമയെ സ്‌നേഹിക്കുന്ന ഒരു വിഭാഗം കടുത്ത സങ്കടത്തിലും അമര്‍ഷത്തിലുമാണ്.
അതേസമയം, രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണയോഗം ഇന്നു വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ വച്ച് നടക്കുകയാണ്. മന്ത്രി എ.െക. ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്. എന്തായാലും ഡിസംബര്‍ 7 മുതല്‍ 13 വരെ നടത്താനുദ്ദേശിക്കുന്ന ചലച്ചിത്രമേള ആശയക്കുഴപ്പങ്ങള്‍ കൊണ്ടും, വിവാദങ്ങള്‍ കൊണ്ടും കെങ്കേമമാകും.
https://www.facebook.com/Malayalivartha






















