ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തല്‍; പരാതിയില്‍ വസ്തുതയുണ്ടെന്ന കണ്ടെത്തിയ കമ്മീഷന്‍ നടപടിക്ക് ശിപാര്‍ശ ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് സമര്‍പ്പിക്കും; നടപടി ഉടൻ

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ കമ്പുള്ളതായി സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍. മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ കമ്മീഷനാണ് ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയത്. പരാതിയില്‍ വസ്തുതയുണ്ടെന്ന കണ്ടെത്തിയ കമ്മീഷന്‍ നടപടിക്ക് ശിപാര്‍ശ ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് സമര്‍പ്പിക്കും.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും. പാര്‍ട്ടി തലത്തില്‍ ശശിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. എന്ത് നടപടിയാവും സിപിഎം സ്വീകരിക്കുക എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ വ്യക്തമാകൂ.
അതേസമയം തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും പാലക്കാട് ജില്ലയില്‍ പാര്‍ട്ടി നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണ കമ്മീഷന്‍റെ മൊഴിയെടുപ്പില്‍ ശശിയെ അനുകൂലിച്ചാണ് ഭൂരുഭാഗവും മൊഴി നല്‍കിയത്.
പരാതിക്കാരിയില്‍നിന്നും ശശിയില്‍നിന്നും അന്വേഷണക്കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിരുന്ന വ്യക്തികളില്‍നിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കും.
ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തില്‍ ഔപചാരികമായി തീരുമാനമെടുക്കുക. എന്നാല്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റിന് അധികാരമില്ല. സംസ്ഥാന കമ്മറ്റിക്കാണ് നടപടി സ്വീകരിക്കാന്‍ അധികാരമുള്ളത്.
https://www.facebook.com/Malayalivartha






















