ആര്‍ത്തവം പോലെ പുരുഷനിലെ മറ്റൊരു പ്രക്രിയയാണ് സ്ഖലനം, അത് ബോധപൂര്‍വ്വവും ചെയ്യാമെന്നിരിക്കെ ആര്‍ത്തവത്തില്‍ അങ്ങിനെയല്ലെന്നേയുള്ളു, എത്രയൊക്കെ നിയന്ത്രിച്ചാലും ആരോഗ്യമുള്ള ശരീരമാണെങ്കില്‍ 41 ദിവസത്തിനകം ഒന്നോ രണ്ടോ തവണയെങ്കിലും സ്ഖലനം സംഭവിച്ചിരിക്കും- ആര്‍ത്തവ വിവാദത്തെ പൊളിച്ചടുക്കുന്നു മാധ്യമപ്രവര്‍ത്തകനായ ടി.സി രാജേഷ്

ശബരിമലയിലെ യുവതീ പ്രവേശനവും ആര്‍ത്തവസമയത്ത് അമ്പലത്തില്‍ കയറാമെന്ന കോടതി വിധിയും വന്നതോടെ നാടാകെ ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ സമയത്താണ് ടി.സി രാജേഷ് എന്ന സ്വതന്ത്രമാധ്യമ പ്രവര്‍ത്തകന്‍ ആദ്യമായി 41 ദിവസത്തെ വ്രതം നോറ്റ് ശബരിമല കയറിയ അനുഭവം പറയുന്നു. പത്താംക്ലാസ് മികച്ച മാര്‍ക്കോടെ പാസാകാനാണ് കഠിന വ്രതം എടുത്തതെന്നും രാജേഷ് പറയുന്നു...
1990ല്‍, പതിനാലാം വയസ്സിലാണ് ആദ്യമായി ശബരിമലയ്ക്ക് പോകുന്നത്. അന്ന് പത്താം ക്ലാസില്‍ പഠിക്കുന്നു. പരമഭക്തനാണ്. മല ചവിട്ടുകയെന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. വൃശ്ചികം ഒന്നിനു തന്നെ മാലയിട്ടു. ക്രിസ്മസ് അവധിക്ക്, നാല്‍പത്തൊന്നിന് തൊട്ടു മുന്‍പായി മല കയറാനാണ് തീരുമാനം. അതായത് പത്തു നാല്‍പതു ദിവസം അടുത്ത് വ്രതം നോല്‍ക്കണം. പത്താം തരം മികച്ച മാര്‍ക്കോടെ ജയിക്കാന്‍ എന്തിനും തയ്യാറാണ്. അങ്ങനെ കഠിന വ്രതം തുടങ്ങി.
രണ്ടാഴ്ച പിന്നിടും മുന്‍പ് ആദ്യ പ്രശ്‌നം. രാവിലെ ഉണര്‍ന്നപ്പോള്‍ അടിവസ്ത്രത്തില്‍ ഒരു നനവ്. അപ്പോഴാണ് ശരിക്കു ഞെട്ടിയത്. സംഗതി കുഴപ്പമായിരിക്കുന്നു. രാത്രിയില്‍ കണ്ട ഒരു മധുര സ്വപ്നത്തിനൊപ്പം സ്ഖലനവും സംഭവിച്ചിരിക്കുന്നു! എന്റെ അയ്യപ്പാ, വ്രതനിഷ്ഠ നീയായിട്ടു തെറ്റിച്ചതെന്തിനാ, എന്നായി എന്റെ സംശയം. എത്രമാത്രം മസിലു പിടിച്ചാണ് വ്രതം നോക്കുന്നതെന്നെനിക്കല്ലേ അറിയാവൂ. അതിനിടയിലാണ് ഞാന്‍ പോലും അറിയാതെ ഈ പരിപാടി! ഇത്തരത്തില്‍ വ്രതനിഷ്ഠ തെറ്റിയാല്‍ എന്തു ചെയ്യുമെന്ന് ആരോടും ചോദിക്കാന്‍ വയ്യ. വീട്ടിലൊക്കെ എങ്ങനെ പറയാനാണ്, അയ്യേ! ഒടുവില്‍ ആരോടും പറയാതെ നൈഷ്ഠിക ബ്രഹ്മചാരികളല്ലാത്ത പല ദൈവങ്ങളും ദൈവകുലത്തിലുണ്ടല്ലോ എന്നങ്ങാശ്വസിച്ച് വ്രതം ഒന്നേന്നു തുടങ്ങി.
രണ്ടുമൂന്നാഴ്ചയ്ക്കകം തഥൈവ! പിന്നേം ദാണ്ടെ, രാത്രിയില്‍ പ്രശ്‌നം. അന്ന് ഇന്നത്തേതുപോലെ ഉപദേശം തരാനും സ്വപ്നസ്ഖലനത്തിന്റെ ശാസ്ത്രം വിവരിക്കാനുമൊന്നും ഇന്‍ഫോ ക്ലിനിക്കു പോലുമില്ല. Jinesh PS ഉം Kiran Narayanan ഒക്കെ നെടുങ്കണ്ടത്തുകൂടി കുട്ടിനിക്കറും ഇട്ട് നടക്കുന്നുണ്ട്. പക്ഷേ, അവര് ഡോക്ടറാകുമെന്നും പിന്നീട് ഇക്കാര്യത്തില്‍ ഉപദേശമൊക്കെ തരുമെന്നും നമുക്കറിയില്ല. അങ്ങിനെ രണ്ടാമതും വ്രതം തെറ്റിയതിന്റെ കടുത്ത നിരാശയിലായി ഞാന്‍. എന്തായാലും മൂന്നാമത് വ്രതം തെറ്റുന്നതിനു മുന്‍പ് മലകയറിയിറങ്ങി. അയ്യപ്പന്‍ കോപിച്ചതുകൊണ്ടാണോ ?എന്നറിയില്ല, പത്താം തരത്തില്‍ റാങ്കൊന്നും കിട്ടിയില്ല. പിന്നീട് ശബരിമലയ്ക്കു പോയപ്പോഴൊന്നും ഒരാഴ്ചയിലേറെ മാലയിട്ട് നോയ്മ്പു നോറ്റിട്ടില്ല.
അതായത് ഉത്തമാ, ഈ ആര്‍ത്തവം പോലെ തന്നെ പുരുഷനിലെ മറ്റൊരു പ്രക്രിയയാണ് സ്ഖലനം. അത് ബോധപൂര്‍വ്വവും ചെയ്യാമെന്നിരിക്കെ ആര്‍ത്തവത്തില്‍ അങ്ങിനെയല്ലെന്നേയുള്ളു. ബോധപൂര്‍വ്വമുള്ള സ്ഖലനം എത്രയൊക്കെ നിയന്ത്രിച്ചാലും ആരോഗ്യമുള്ള ശരീരമാണെങ്കില്‍ 41 ദിവസത്തിനകം ഒന്നോ രണ്ടോ തവണയെങ്കിലും സംഗതി സംഭവിച്ചിരിക്കും. നോയ്മ്പ് നോല്‍ക്കാന്‍ ഉടുത്തിരിക്കുന്ന കറുത്ത വസ്ത്രത്തില്‍ അത് പടര്‍ന്നെന്നുമിരിക്കും. ആണുങ്ങള്‍ക്കുള്ള പാഡൊന്നും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നു കരുതി സ്വപ്ന സ്ഖലനം സ്ഖലനമല്ലാതാകുന്നില്ലല്ലോ! പിന്നെ ഇതിങ്ങനെ പിടിച്ചുവച്ചാല്‍ ചിലപ്പോള്‍ മലവിസര്‍ജ്ജനത്തിനായി മുക്കുമ്പോഴും ചില തുള്ളികള്‍ കവിഞ്ഞ് പുറത്തേക്ക് ഒഴുകിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പുറത്തുപോകേണ്ടത് പുറത്തുപോയേ പറ്റൂ. ആര്‍ത്തവം വേദനാജനകമാണെങ്കില്‍ സ്വപ്നസ്ഖലനം സുഖകരമായ അനുഭൂതിയാണെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. വ്രത കാലത്ത് സുഖങ്ങളേ പാടില്ല.
ഇതൊക്കെ ഏതൊരു നൈഷ്ഠിക ബ്രഹ്മചാരിക്കും അയ്യപ്പനായാലും പള്ളീലെ പാതിരിയായാലും ബാധകമാണ്. അതുകൊണ്ട് ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ സ്ഖലനവും അതുതന്നെയാണ്. അതുള്ളവര്‍ മേലില്‍ ശബരിമലയ്ക്കു പോകാതിരിക്കുക, അത്രയെങ്കിലും അവിടുത്തെ കാട് നശിക്കാതിരിക്കട്ടെ.
https://www.facebook.com/Malayalivartha























