എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ; സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പിയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.
സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും സനല്‍ കുമാർ വധക്കേസിൽ കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ പൊലീസിന് പിടികൂടാനായില്ല. അതേസമയം ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി വ്യക്തമാക്കി. കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും വിജി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിജി ആരോപിച്ചു. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി വ്യക്തമാക്കിയിട്ടുണ്ട്.
ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാത്തതില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
https://www.facebook.com/Malayalivartha























