പാസ് വാങ്ങില്ല ; ആയിരക്കണക്കിന് വാഹനങ്ങൾ ശബരിമലയിലെത്തും

മണ്ഡലപൂജ സമയത്ത് ശബരിമല ദര്‍ശനത്തിന് പോകുന്നവർ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ശബരിമല സംരക്ഷണ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നിർദ്ദേശങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് പറഞ്ഞു.
കേട്ടുകേഴ്‌വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്. ജനാധിപത്യ വിരുദ്ധമായ ഇത്തരം ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. മണ്ഡല മാസ പൂജകൾക്കായി നട തുറക്കുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തന്‍റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ധർമ്മയുദ്ധത്തിൽ വിശ്വാസികൾക്ക് എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോടതി വിധിയുടെ പേരിൽ ക്ഷേത്രങ്ങളെയും വിശ്വാസികളേയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നത്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം. പിണറായി വിജയന്‍റെ മർക്കട മുഷ്ടി കേരളത്തിന്‍റെ സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടൊപ്പം ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് വേണമെന്നും കർശന ഉത്തരവ് നൽകിയിരുന്നു. ശബരിമലയിൽ കലാപ സാധ്യത കണക്കിലെടുത്താണ് ഇത്തരം നിയമ നടപടികൾ കൈക്കൊണ്ടത് വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കുന്നതാണ്. പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം.
https://www.facebook.com/Malayalivartha























