ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പിടികൂടുക; ഹരികുമാറിന് മുന്നിലുള്ളത് നിർണായകമായ 24 മണിക്കൂർ- നെയ്യാറ്റിൻകരയിൽ യുവാവിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഡി വൈ എസ് പി ഹരികുമാറിനെ 24 മണിക്കൂറിനകം പിടികൂടണമെന്ന് ഐജി ശ്രീജിത്തിന് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

ഡി വൈ എസ് പി ഹരികുമാറിനെ 24 മണിക്കൂറിനകം പിടികൂടണമെന്ന് മുഖ്യമന്ത്രി ഐജി ശ്രീജിത്തിന് നിർദ്ദേശം നൽകി. ഹരികുമാറിനോട് കീഴടങ്ങാനോ ഇല്ലെങ്കിൽ നിയമത്തിനു മുന്നിൽ സറണ്ടർ ചെയ്യാനോ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അന്ത്യശാസനം നൽകിയതായാണ് വിവരം. ഏതായാലും 24 മണിക്കൂറിനുള്ളിൽ എന്തെങ്കിലും സംഭവിക്കും. ഒന്നുകിൽ ഹരികുമാറിനെ പിടിക്കും. ഇല്ലെങ്കിൽ കീഴടങ്ങും.
ഹരികുമാർ ഓഫീസേഴ്സ് അസോസിയേഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ അനേഷണ ചുമതല ഏറ്റെടുത്ത ഐജി ശ്രീജിത്ത് അസോസിയേഷൻ നേതാക്കളെയാണ് ഇക്കാര്യം ഏൽപ്പിച്ചത്. അസോസിയേഷൻ നേതാക്കൾ ആദ്യം വിസമ്മതം അറിയില്ലെങ്കിലും ഐ.ജിയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് സൂചന
ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോടെയാണ് ഹരികുമാർ ഒളിവിൽ കഴിയുന്നതെന്നെ കാര്യം പകൽ പോലെ വ്യക്തമാണ്. പോലീസിന്റെ ആശീർവാദം അദ്ദേഹത്തിനുണ്ട്. സനലിന്റെ കുടുംബം ഹൈകോടതിയിൽ എത്തുന്നത് സർക്കാരിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് പോലീസ് നടത്തിയ കൊലപാതകത്തിലെ പ്രതിയെ പിടികൂടിയില്ലെന്നു പറഞ്ഞാൽ സർക്കാർ പഴി കേൾക്കാൻ സാധ്യതയുണ്ട്. സി പി എമ്മിലെ ഉന്നനായ നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഹരികുമാർ എന്നത് കൂടുതൽ ദുരൂഹമാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ സർക്കാരിനെ പൂർണ്ണമായും വിമർശിക്കുന്ന സാഹചര്യമുണ്ടായി.
സി പി എം ജില്ലാ നേതാവിനെ കോടിയേരി വിളിച്ചു വരുത്തി സർക്കാരിനെ പഴി കേൾപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ആനാവൂർ നാഗപ്പനെയാണ് പാർട്ടി വിളിച്ചു വരുത്തിയത്. സി പി എം നേതാക്കളുടെ ബിനാമിയായാണ് ഹരികുമാർ അറിയപ്പെടുന്നത്.
മുഖ്യമന്ത്രി ആശങ്കാകുലനാണ്. എത്രയും വേഗം പ്രതിയെ പിടികൂടുന്നതിനാണ് ഐ.ജി. ശ്രീജിത്തിനെ തന്നെ അദ്ദേഹം അന്വേഷണ ചുമതല ഏൽപ്പിച്ചത്. ശ്രീജിത്തിനെ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ വിളിച്ചു വരുത്തി ഇക്കാര്യം അറിയിച്ചു. സർക്കാരും പാർട്ടിയും പ്രതിസന്ധിയിലായ സാഹചര്യത്തിൽ എത്രയും വേഗം നടപടി വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. പോലീസിന്റെ അറിവോടെ മറഞ്ഞിരിക്കുന്നയാളെ പിടി കൂടണമെങ്കിൽ പോലീസ് വിചാരിക്കണം.
പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ ഹരികുമാറിനെ സഹായിക്കാൻ രംഗത്തുണ്ട്. പോലീസിലെ അഴിമതിയാണ് ഇക്കാര്യത്തിൽ ബോധ്യമാകുന്നത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും അഴിമതിക്കാരാണ്. പക്ഷേ അത് സർക്കാരിന്റെ കുഴപ്പമാണെന്ന് പറയാനാവില്ല. കാലാകാലങ്ങളിൽ നിരന്തരം അഴിമതി നടത്തുന്ന വിഭാഗമാണ് പോലീസ്. സാമ്പത്തികമായ അഴിമതി മാത്രമല്ല പോലീസിലുള്ളത്. പോലീ സുദ്യോഗസ്ഥരിൽ ഒരു വിഭാഗം മദ്യപാനികളും വിവാഹത്തിന് പുറമേ ബന്ധങ്ങൾ പുലർത്തുന്നവരുമാണ്. ഇതെല്ലാം നാട്ടിൽ പാട്ടാണ്. പോലീസിൽ ഇതൊന്നും നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. ഇന്റേണൽ വിജിലൻസ് സംവിധാനം പോലീസിൽ തീരെയില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് വരെ ഇന്റേണൽ വിജിലൻസ് സംവിധാനമുണ്ട്. എന്നാൽ പോലീസ് അതിന് അതീതമാണ്.
ഹരികുമാറിനെ രക്ഷപ്പെടുത്താൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ അതിന് പോലീസിനുള്ളിൽ നിന്നു തന്നെ വേണ്ടത്ര പിന്തുണയില്ല. പോലീസുകാർ പഴയ പടി സുഖിമാൻമാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. ശ്രീജിത്ത് സ്വന്തം ടീമിനെ രൂപീകരിച്ചു കഴിഞ്ഞു. വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന്റെ ടീമിൽ ഉൾപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























