അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

പത്തനംതിട്ട ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നെന്നാണു നിഗമനം. യുവതി അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം തോടിനു സമീപത്തേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രതി വിനോദ് കുമാർ പൊലീസിനു മൊഴി നൽകിയത്.
ഇന്നലെ രാത്രി ഏഴിനാണു മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഗവിയിലുള്ള വീട്ടിൽ എത്തിച്ചത്. പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വരും ദിവസം തെളിവെടുപ്പിനായി ഇയാളെ കോടതിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ ഏറ്റുവാങ്ങും.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായി എത്തിയ ആംബുലൻസ് ഗവിക്കു സമീപം കംപ്രഷൻ മുക്കിൽ നാട്ടുകാർ തടഞ്ഞു. നേതാക്കൾ എത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ച ശേഷമാണ് ആംബുലൻസിനു മുന്നോട്ട് പോയത്. മേനകയുടെ വീടിനു സമീപത്തു വൻജനാവലി തടിച്ചുകൂടിയതോടെ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തി .
ആദ്യഘട്ടത്തിൽ മൃഗങ്ങളുടെ ആക്രമണത്തിലാകും മരണമെന്ന് കരുതിയെങ്കിലും മൃതദേഹം കണ്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. മൃഗങ്ങൾ ആക്രമിച്ച പോലുള്ള മുറിവുകളല്ല ശരീരത്തിലുണ്ടായിരുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പീഡനത്തിന് പിന്നാലെയുള്ള കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് വള്ളക്കടവിലുൾപ്പെടെ നടത്തിയ പരിശോധനയിലാണ് പ്രതി വിനോദ് കുമാറിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























