വ്യാജപ്രചാരണം പീരുമേട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; വിചിത്ര ജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടേതെന്ന രീതിയിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് പീരുമേട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. വിചിത്രജീവിയുടെ ചിത്രങ്ങളും ജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.
സന്ദേശങ്ങള്‍ ഏറെ പരിഭ്രാന്തി പടര്‍ത്തിയിരിക്കുന്നത് മലയോര മേഖലയിലും തോട്ടം മേഖലയിലുമാണ്. പലയിടങ്ങളിലും സന്ദേശംകണ്ട നാട്ടുകാര്‍ തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഫോണില്‍ വിളിച്ചും നേരില്‍ചെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കി.
സന്ദേശങ്ങള്‍ കണ്ട ദൂരദേശത്തുള്ള ബന്ധുക്കളും വിദേശത്തുള്ളവരും ഫോണിലൂടെയും മറ്റും സത്യാവസ്ഥ അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. സന്ദേശത്തോടൊപ്പം പീരുമേട്ടില്‍ വിചിത്ര ജീവിയെ കണ്ടെന്ന വിവരംകൂടി ചേര്‍ത്തതാണ് പ്രദേശത്തുള്ളവരെ ഭയപ്പെടുത്തുന്നത്.
ഏതോ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ദൃശ്യങ്ങളാണ് സന്ദേശത്തിലൂടെ പ്രചരിക്കുന്നതെന്നാണ് അറിയുന്നത്. വിചിത്ര ജീവി എന്നത് വ്യാജമാണെന്നും ഇത്തരത്തില്‍ പരാതികള്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും പീരുമേട് എസ്‌ഐ ആര്‍. രാജേഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























