ശബരിമല; നിലയ്ക്കലിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തിയെന്ന് നിരീക്ഷകസമിതി

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റീസ് പി.ആർ രാമൻ, ജസ്റ്റീസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയത്.
ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തി. പുതുതായി നിർമ്മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യുവിആർഒ പ്ലാന്റ്, കിയോസ്കുകൾ, ശൗചാലയങ്ങൾ, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, ജീവനക്കാരുടെ വിശ്രമസ്ഥലം, പോലീസ് ബങ്കർ, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദർശിച്ചു. ശബരിമല തീർഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ സമിതി ചൊവ്വാഴ്ച വിലയിരുത്തും.
https://www.facebook.com/Malayalivartha


























