‘നവോത്ഥാന കേരളം ശബരിമലയിലേക്ക്; ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സന്നിധാനത്ത് ഡിസംബർ അവസാനത്തോടെ എത്തുന്നത് നൂറോളം യുവതികൾ; സ്ത്രീകളെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്‘ ഫേസ്ബുക്ക് കൂട്ടായ്മ

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ശബരിമല കയറാന്‍ സന്നദ്ധരായ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു വലിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഫേസ്ബുക്ക് പേജുവഴിയും അല്ലാതെയും താല്‍പര്യമറിയിച്ചിട്ടുള്ള യുവതികള്‍ സംഘടിച്ച് ഡിസംബര്‍ മാസം അവസാനത്തോടെ മലചവിട്ടുമെന്ന് സംഘാടകര്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിട്ടുണ്ട്.
ഭരണഘടനയുടെ അന്തഃസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ പിറകോട്ടു വലിക്കാനുള്ള ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുമുറച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നു വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍, കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ഓരോ വ്യക്തിയും വളണ്ടിയറായി ചേരുമെന്ന പ്രതീക്ഷയും പങ്കു വയ്ക്കുന്നുണ്ട്. ശബരിമലയാത്രയ്ക്ക് തയ്യാറായിട്ടുള്ള യുവതികളും ഒപ്പം സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും, തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയുമാണ് രീതിയെന്നും പേജില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒരു മാസത്തോളം മുന്‍പ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് ആരംഭിക്കുമ്പോള്‍, സംഘത്തോടൊപ്പം മല കയറാന്‍ സന്നദ്ധരായ 318 സ്ത്രീകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പേജ് തുടങ്ങി ഒരു ദിവസത്തിനകം തന്നെ തൊണ്ണൂറിലധികം പേര്‍ സന്നദ്ധതയറിയിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും നവോത്ഥാന കേരളത്തിനായി ശബരിമല കയറാന്‍ തയ്യാറെടുക്കുന്ന യുവതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് സംഘാടകരുടെ പക്ഷം.
യുവതികളുടെ സംഘം ഡിസംബര്‍ ഒന്‍പതിനു മലചവിട്ടുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും, തീയതി വൈകിയേക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ തീയതി പുറത്തുവിടുമെന്നും, എന്നാല്‍ ഒപ്പമുള്ള യുവതികളുടെ സുരക്ഷയെക്കരുതി മറഞ്ഞുനില്‍ക്കുകയാണെന്നുമാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരുടെ പ്രതികരണം. സന്ദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ചോ, സംഘാടകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അതുകൊണ്ടുതന്നെ പേജ് വെളിപ്പെടുത്തുന്നില്ല. നാളെ നടക്കുന്ന യോഗത്തോടെ തീയതിയും മറ്റു വിവരങ്ങളും കൃത്യമായി തീരുമാനിക്കാനാകുമെന്നും ഇവര്‍ കരുതുന്നു.
കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമാവുന്നു ...
കേരളത്തിലെമ്പാടും നടക്കുന്ന നവോത്ഥാന ചർച്ചകൾക്കൊപ്പം ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിക്കാനും , ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനവസാനിപ്പിക്കാനും ഗൗരവമേറിയ ഒരു ഇടപെടൽ സാധ്യമാക്കുക എന്ന പേജിന്റെ ലക്ഷ്യത്തിലേക്ക് നാം കടക്കുകയാണ് ....ഈ പേജിന് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിനകത്തുനിന്നു കിട്ടിയ പിന്തുണ വമ്പിച്ചതാണ് .
സന്നദ്ധ പ്രവർത്തകരായും തീർത്ഥാടകരായും മുന്നോട്ടുവന്ന നൂറു കണക്കിന് മലയാളികൾക്കു പുറമേ , അയൽ സംസ്ഥാനങ്ങളിൽ നിന്നും സന്നദ്ധരായ യുവതികൾ മുന്നോട്ടുവന്നിരിക്കുകയാണ് .ഈ സാഹചര്യത്തില്‍
ഈ ഡിസംബറിൽ തന്നെ ഭരണഘടനയെ വെല്ലുവിളിച്ച് , കേരളത്തെ പുറകോട്ടു വലിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് നമുക്ക് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നമ്മളോരോരുത്തരും ... തീർച്ചയായും ഈ ആഴ്ച തന്നെ സാധ്യമായ തീയ്യതി പ്രഖ്യാപിക്കാൻ നമുക്കു കഴിയും .
കേരളത്തിന്റെ ഭാവിയിൽ താൽപ്പര്യമുള്ള ഓരോ വ്യക്തിയും വളണ്ടിയറായി വരാനുള്ള സന്നദ്ധത മെസഞ്ചറിൽ അറിയിക്കുമെന്ന് അഭ്യര്‍ത്ഥിക്കുന്നു . മുഴുവന്‍ പുരോഗമന ജനാധിപത്യശക്തികളും ഐക്യപ്പെടുക... .
പേജ് ആരംഭിച്ച് ചുരുങ്ങിയ കാലത്തിനിടെ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും കിട്ടിയ പിന്തുണ വളരെയധികമാണെന്നും കൂട്ടായ്മ വ്യക്തമാക്കുന്നുണ്ട്. സന്ദര്‍ശനം നടത്താനും ഒപ്പം സന്നദ്ധപ്രവര്‍ത്തകരായി യാത്ര ചെയ്യാനും നൂറു കണക്കിന് മലയാളികള്‍ തയ്യാറായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും യുവതികള്‍ തീര്‍ത്ഥാടനത്തിനായി സന്നദ്ധതയറിയിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിക്കു ശേഷം ശബരിമലയിലെത്താന്‍ ശ്രമിച്ചിട്ടുള്ള എല്ലാ യുവതികളും വഴിയില്‍ വച്ചു തടയപ്പെടുകയും, ശേഷം അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഇരയാക്കപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍, വളണ്ടിയര്‍മാരുടെ അകമ്പടിയോടെ മലകയറാന്‍ സംഘമായെത്തുന്ന നാനൂറിലധികം സ്ത്രീകള്‍ ആചാരങ്ങളുടെ പേരില്‍ ഒളിച്ചുകടത്തുന്ന ലിംഗവിവേചനത്തിനെതിരായി നവോത്ഥാന കേരളം മുന്നോട്ടു വയ്ക്കുന്ന ബദലായിരിക്കുമെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























