അമ്പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ ... പതിനായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കുന്ന കൗമാര കലയുടെ പൂര മഹോത്സവത്തിന് നാളെ അരങ്ങുണരും

കലയുടെയും സമൃദ്ധമായ വാണിജ്യത്തിന്റെയും ഗതകാല സ്മൃതികളാല്‍ സമ്പന്നമായ കിഴക്കിന്റെ വെനീസില്‍ പതിനായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കുന്ന കൗമാര കലയുടെ പൂര മഹോത്സവത്തിന് നാളെ അരങ്ങുണരും. മൂന്ന് ദിവസം നീളുന്ന അമ്പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. എല്ലാ ജില്ലകളില്‍ നിന്നുമെത്തുന്ന മത്സരാര്‍ഥികളെ ഹൃദയപൂര്‍വം വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ആലപ്പുഴ പട്ടണം.
കുട്ടനാടും പാണ്ടനാടുമുള്‍പ്പെടെ പ്രളയത്തിന്റെ തീരാദുരിതമേറ്റുവാങ്ങിയ പ്രദേശങ്ങളുള്‍പ്പെടുന്ന ആതിഥേയ ജില്ല പരിമിതികളില്‍ നിന്ന് കലോത്സവം പരമാവധി വര്‍ണോജ്ജ്വലമാക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് മുന്നോട്ട് വെളിച്ച 'ലളിതം, ഗംഭീരം' എന്ന ആശയത്തോട് ചേര്‍ന്ന് നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കലോത്സവത്തില്‍ 12,000 പേരാണ് മത്സരാര്‍ഥികളായത്. ഇക്കുറി 10,000 പേര്‍ മാറ്റുരക്കും. രചനാമത്സരങ്ങള്‍ ജില്ലതലത്തില്‍ അവസാനിച്ചതോടെയാണ് എണ്ണത്തില്‍ കുറവ് വന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ 16 കേന്ദ്രങ്ങളിലായി വ്യാഴാഴ്ച രാവിലെ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും.
ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ച് പ്രധാന വേദികളടക്കം 29 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. രചന മത്സരങ്ങളുടെ മൂല്യനിര്‍ണയവും ആദ്യ ദിവസം നടക്കും. വിവിധ ജില്ലകളില്‍നിന്ന് ആലപ്പുഴയിലെത്തുന്ന മത്സരാര്‍ഥികളെ 12 സ്‌കൂളുകളിലെ താമസ കേന്ദ്രങ്ങളിലെത്തിക്കാന്‍ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്.
നഗരഹൃദയത്തിലെ ഇ.എം.എസ് സ്‌റ്റേഡിയത്തിലാണ് ഭക്ഷണത്തിനുള്ള കലവറ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.
https://www.facebook.com/Malayalivartha
























