കോട്ടയത്ത് കോളേജ് പ്രണയം വീട്ടിലും നാട്ടിലും അറിയാൻ ഒരു ചുരിദാർ വേണ്ടിവന്നു; കോളേജിൽ കാമുകി ധരിച്ചെത്തിയ ചുരിദാർ ഇഷ്ടമായില്ല, ബുള്ളറ്റ് ഓടിച്ച് നടുറോഡിൽ കാമുകിയെ തടഞ്ഞ് മുഖത്തടിച്ച് കാമുകന്റെ പെർഫോമൻസ്... പിന്നാലെ ഇരുവർക്കും കിട്ടിയത് എട്ടിന്റെ പണി

കോട്ടയം നഗരമധ്യത്തില്‍ പട്ടാപകൽ കമിതാക്കളുടെ വഴക്കും,തല്ലും. കണ്ടുനിന്ന യാത്രക്കാരൻ പോലീസിനെ വിളിച്ചറിയിച്ചതോടെ ഒരു മാസം മാത്രമായ പ്രണയത്തിന് വിരാമമായി.സംഭവം ഇങ്ങനെ...
കോട്ടയം നഗരത്തിലെ പ്രമുഖ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളും ഒരേ കോളേജില്‍ പഠിക്കുന്നവരുമായിരുന്നു ഇരുവരും. കോളേജിലെത്തിയ യുവതി ധരിച്ച ചുരിദാര്‍ കാമുകനായ യുവാവിന് ഇഷ്ടമായില്ല. ചുരിദാറിനെച്ചൊല്ലി ഇരുവരും വാക്ക് തര്‍ക്കമുണ്ടായി. കാമുകനോടു പിണങ്ങി യുവതി കോളേജില്‍ നിന്നിറങ്ങി പിന്നാലെ, ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കാമുകനും പറന്നെത്തി.
നടുറോഡില്‍ കാമുകിയെ തടഞ്ഞു നിര്‍ത്തി കാമുകന്‍ ചോദ്യം ചെയ്തു. റോഡില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന യുവതി, കാമുകനെ കടന്ന് പോകാന്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകന്‍ യുവതിയുടെ കരണത്തടിച്ചു. അടിയേറ്റ യുവതി റോഡിനു നടുവില്‍ നിന്ന് പൊട്ടിക്കരഞ്ഞു.. ആളുകള്‍ കൂടിയതോടെ സംഗതി കൈവിട്ട് പോകുമെന്നു കണ്ട യുവാവ് ഉടന്‍ ബുള്ളറ്റില്‍ സ്ഥലം വിട്ടു. യുവതിയും കോളേജിലേയ്ക്കു മടങ്ങി.
സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിനെ അറിയിച്ചു. ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെയോ യുവാവിനെയോ കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്ബര്‍ പൊലീസ് കണ്ടെത്തി. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെ പൊലീസ് പൊക്കി.
അടികിട്ടിയ യുവതിയെയും, അടികൊടുത്ത യുവാവിനെയും കണ്ടെത്തിയ പൊലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന്‍ കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി. യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല. വീട്ടുകാര്‍ വിവരമെല്ലാം അറിഞ്ഞതോടെ പ്രണയത്തിന് അവസാനമായി.
https://www.facebook.com/Malayalivartha
























