കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ ഒരാഴ്ച്ചയ്ക്കകം പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഉത്തരവ്; ഒഴിവുകളിലേക്ക് 4051 പേരെ പി.എസ്.ഇ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും നിർദ്ദേശം

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഉത്തരവ് പ്രകാരം നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമാകും.
ഉത്തരവ് ഒരാഴ്ചക്കകം നടപ്പാക്കണമെന്നാണ് ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുള്‍പ്പെടുന്ന ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് പകരം 4051 പേരെ പി.എസ്.ഇ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. 4051 പേരുടെ പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെ കരാര്‍ ജീവനക്കാരുമായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടരുകയായിരുന്നു. ഇത് മൂലം പി.എസ്.സി പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. ഏഴായിരത്തോളം പേരാണ് കെഎസ്‌ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
എന്നാൽ ഹൈക്കോടതി നിര്‍ദ്ദേശം കെഎസ്‌ആര്‍ടിസിക്ക് മേല്‍ വലിയ ബാധ്യതകള്‍ വരുമെന്ന കാര്യം ഉറപ്പാണ്. പിഎസ് സി വഴി ജീവനക്കാരെ നിയമിക്കുന്നതിന് എതിരായ നിലപാടാണ് ഹൈക്കോടതി നേരത്തെ കൈക്കൊണ്ടിരുന്നത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നേടിയവരാണ് എം പാനലുകാര്‍. ഇവര്‍ക്ക് സ്ഥിരംനിയമനം ലഭിച്ചവര്‍ക്ക് കിട്ടുന്ന യാതൊരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇവരില്‍ മിക്കവരും പത്തു വര്‍ഷത്തോളമായി കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഒറ്റടിക്ക് തൊഴില്‍നഷ്ടം ഉണ്ടാകുന്നത് ഇവരെ സാരമായി ബാധിക്കും.
https://www.facebook.com/Malayalivartha
























