പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻകേരളത്തിന് 3048 കോടി കൂടി ; ഭവന നിർമ്മാണം, കൃഷിയിടങ്ങളുടെ പുനർനിർമ്മാണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്

പ്രളയക്കെടുതിയിൽ കേരളത്തിന് വീണ്ടും സഹായഹസ്‌തവുമായി കേന്ദ്രം. സഹായധനമായി 3048 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
നേരത്തെ സഹായധനമായി 600 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അനുവദിച്ച തുക ഇതിന് പുറമെയാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഭവന നിർമ്മാണം, കൃഷിയിടങ്ങളുടെ പുനർനിർമ്മാണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്.
ദേശീയ ദുരന്തനിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടി രൂപയുടെ ധനസഹായമാണ്. ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടിയും രണ്ടാംഘട്ടത്തിലെ മഹാപ്രളയത്തിന് 4796 കോടി രൂപയും ഉള്‍പ്പെടെയാണിത്. ഇതുകൂടാതെ പ്രത്യേക ധനസഹായമായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം നല്‍കിയിരുന്നത് 600 കോടി രൂപയായിരുന്നു.
കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി. പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ നൽകണമെന്നായിരുന്നു ശുപാർശ. കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചിരുന്നു.
കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ പ്രകൃതിദുരന്തമുണ്ടായ നാഗാലാന്‍ഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. നാഗാലാന്റിന് 131.16 കോടിയും ആന്ധ്രപ്രദേശിന് 539.52 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.
ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്. നേരത്തെ നൽകിയ 600 കോടിയ്‌ക്ക് പുറമേ എസ്.ഡി.ആർ.എഫിലേക്ക് (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നേരത്തേ നൽകിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഡൽഹിയിലെ റെസിഡന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫാനിസീവാണ് വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യുഎന്‍ സഹായിക്കുമെന്ന് യൂറി അഫാനിസീവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























