ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്. എസ്.ആര്‍.പി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്. എസ്.ആര്‍.പി) സര്‍ക്കാര്‍ നിര്‍ബന്ധമാക്കി . ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. വാഹനം ഷോറൂമില്‍ നിന്നു പുറത്തിറക്കുമ്പോള്‍ തന്നെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കണം. കൂടാതെ, തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുകയാണെങ്കില്‍ പഴയ വാഹനങ്ങളിലും വാഹന ഡീലര്‍മാര്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചുനല്‍കാമെന്നും വിജ്ഞാപനത്തിലുണ്ട്. നിലവില്‍ ഡല്‍ഹി, ഗുജറാത്ത്, ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും.
രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ എന്‍ജിന്‍ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പര്‍ പ്ലേറ്റില്‍ ഓടുന്നതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് നിര്‍മാണം.
"
https://www.facebook.com/Malayalivartha

























